ലോകമെമ്പാടുമുള്ള എല്ലാ മനുഷ്യരോടും സ്വന്തം ഹൃദയത്തെ പരിപാലിക്കാനുള്ള ഒരു ഓർമ്മപ്പെടുത്തലിനായി “ഹൃദയം ഉപയോഗിക്കുക, ഹൃദയത്തെ അറിയുക” എന്ന സന്ദേശത്തോടെയാണ് ഈ വർഷത്തെ ലോക ഹൃദയദിനാചരണം നടക്കുന്നത്. ഓരോ വർഷവും ഏകദേശം 1.7 കോടി ആളുകൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം മരിക്കുന്നു, ഇത് ആഗോള മരണനിരക്കിന്റെ ഏകദേശം 31 ശതമാനം വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകത്താകമാനമുള്ള മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹൃദയ രോഗങ്ങൾ ആണെന്നാണ് വിലയിരുത്തൽ. ഹൃദയാഘാതം, ഹൃദയപരാചയം, പക്ഷാഘാതം തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങളാണ് മരണകാരണം. ഈ സാഹചര്യത്തിൽ ഹൃദയാരോഗ്യത്തിന്റെ പ്രാധാന്യം മനസിലാക്കാൻ ലോകമെമ്പാടുമുള്ള ആളുകളെ ബോധവല്‍ക്കരിക്കുന്നതിനും അവബോധം സൃഷ്ടിക്കുന്നതിനായി ആഗോളതലത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുകൊണ്ടാണ് സെപ്റ്റംബര്‍ 29ന് ലോക ഹൃദയദിനം ആചരിക്കുന്നത്.
ഹൃദയസംബന്ധമായ അസുഖങ്ങൾ തടയുന്നതിനും നിയന്ത്രിക്കുന്നതിനും അവയുടെ ലക്ഷണങ്ങളെക്കുറിച്ചും ആരോഗ്യകരമായ ജീവിതശൈലി രൂപപ്പെടുത്താൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിപുലമായ ആശയപ്രചാരങ്ങളാണ് നടന്നുവരുന്നത്. ആരോഗ്യവകുപ്പും ആശുപത്രികളും വിവിധ സന്നദ്ധ സംഘടനകളും എൻജികളും സജീവമായി ഈ രംഗത്ത് ബോധവത്കരണ പരിപാടികളും ക്യാമ്പുകളും സംഘടിപ്പിക്കുന്നുണ്ട്.
ആധുനിക കാലത്ത് ജീവിത ശൈലിയിൽ വന്നിട്ടുള്ള മാറ്റങ്ങളും ഭക്ഷണ രീതികളും വ്യായാമക്കുറവും പല തരത്തിലുള്ള മാനസിക സമ്മർദങ്ങളും ആവശ്യമായ പരിശോധനകളുടെ കുറവും ഹൃദയസംബന്ധമായ അസുഖങ്ങൾ വർധിക്കാൻ ഇടയാക്കിയിട്ടുണ്ടെന്ന് എറണാകുളം ജനറൽ ആശുപത്രിയിലെ കാർഡിയോളജി കൺസൽട്ടന്റ് ഡോ. വിജു ജോർജ് പറഞ്ഞു.
ഉദാസീനമായ ജീവിതശൈലി ഒഴിവാക്കുകയും കായിക അധ്വാനവും ഒരു ദിവസം അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുകയും പുകവലിയും മയക്കുമരുന്ന് ഉപയോഗവും മദ്യപാനവും ഉൾപ്പെടെയുള്ള ദുശീലങ്ങൾ ഒഴിവാക്കുവാനും സമ്മർദ്ദങ്ങൾ നിയന്ത്രിക്കാനും ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമവും ട്രാൻസ് ഫാറ്റ്, ജങ്ക് ഫുഡുകൾ എന്നിവ ഒഴിവാക്കുന്നതിനും ശ്രദ്ധിച്ചാൽ മാത്രമേ ഹൃദയാരോഗ്യം സംരക്ഷിക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇടക്കിടയ്ക്കുള്ള മെഡിക്കൽ ചെക്കപ്പിലൂടെ ബിപി, ഷുഗർ, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും ശ്രമിക്കേണ്ടതാണ്.
20 മുതൽ 40 വയസുവരെയുള്ള ചെറുപ്പക്കാരിൽ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടി വരികയാണ്. അതുപോലെ ഹൃദയതാളവുമായി ബന്ധപ്പെട്ട് കൊച്ചു കുട്ടികളിലും അസുഖം ബാധിക്കുന്നുണ്ട്. ഹൃദയാഘാതം പുരുഷന്മാരിലാണ് കൂടുതലായും സംഭവിക്കുന്നതെങ്കിലും മരണ സാധ്യത കൂടുതൽ സ്ത്രീകളിലാണ് ഉണ്ടാകുന്നത്. ചെറിയ നെഞ്ചരിച്ചിലും ഗ്യാസും ഒക്കെയായി കണക്കാക്കി നെഞ്ചുവേദനയെ സ്ത്രീകൾ ഗൗരവമായി എടുക്കാത്തതാണ് പലപ്പോഴും മരണത്തിന് ഇടയാക്കുന്നത്.
വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്കോയും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് ഹൃദയദിനാചരണം സംഘടിപ്പിച്ചുവരുന്നത്.