Site iconSite icon Janayugom Online

അരങ്ങിനെ മഹനീയമാക്കുന്ന സംസ്കാരം

ഇന്ന് ലോക നാടകദിനമാണ്. ആധുനിക മനുഷ്യന്റെ സംസ്കാരരൂപീകരണത്തിലും മുന്നോട്ടുള്ള പ്രയാണത്തിലും നാടകമെന്ന കലാരൂപം വഹിക്കുന്ന അതി നിർണായകമായ പങ്കിനെക്കുറിച്ച് ലോകമാകെ വിളംബരം ചെയ്യുക എന്നതാണ് ഈ ദിനാചരണത്തിന്റെ പരമമായ ലക്ഷ്യം.

രണ്ടാം ലോകമഹായുദ്ധത്തിന്ശേഷം ഐക്യരാഷ്ട്ര സഭയും അതിന്റെ ഭാഗമായ യുനെസ്കോയും രൂപംകൊണ്ടതിന് പിന്നാലെ, പ്രശസ്ത എഴുത്തുകാരൻ ജെ ബി പ്രീ‌‌സ്റ്റ്ലിയുടെയും യുനെസ്ക്കോയുടെ ആദ്യത്തെ ഡയറക്ടർ ജനറലായ സർ ജൂലിയൻ ഹക്സലിയുടെയും നേതൃത്വത്തിൽ രംഗകലകളുടെ വളർച്ച ഉറപ്പുവരുത്തുന്നതിനും നാടക പ്രവർത്തകർ തമ്മിലുള്ള സഹകരണവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്നതിനുംവേണ്ടി സ്ഥാപിച്ച സംഘടനയാണ്, ഇന്റർനാഷണൽ തീയേറ്റർ ഇൻസ്റ്റിറ്റ്യൂട്ട്. നാടക കലയുടെ അന്തർദേശീയ തലത്തിലുള്ള വളർച്ചയ്ക്കും വ്യാപനത്തിനുമായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഹ്വാനമനുസരിച്ച് 1961 മുതൽ എല്ലാവർഷവും മാർച്ച് 27 അന്തർദ്ദേശീയ നാടകദിനമായി ആഘോഷിച്ചു വരികയാണ്.

അരങ്ങിന്റെ മഹനീയത ഉയർത്തിപ്പിടിച്ചുകൊണ്ട്, വൈവിധ്യപൂർണമായ നാടകകലയുടെ വികാസപരിണാമങ്ങളെ സംബന്ധിച്ചുള്ള വിജ്ഞാനം ലോകമെമ്പാടുമെത്തിക്കുക എന്നതാണ് നാടക ദിനം ആചാരിക്കുന്നതുകൊണ്ട് ഉദ്ദ്യേശിക്കുന്നത്. നാടകരംഗത്ത് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് പ്രതിഭാശാലികൾക്ക് പിന്തുണയും പ്രോത്സാഹനവും നൽകുക, അവരുടെ പ്രതിഭയും പ്രാഗല്ഭ്യവും പ്രദർശിപ്പിക്കാനാവശ്യമായ പരമാവധി അവസരങ്ങളൊരുക്കുക എന്നതും ലോക നാടകദിനത്തിന്റെ ലക്ഷ്യങ്ങളാണ്.

അരങ്ങത്തെ പ്രതിഭാധനരുടെ സർഗാത്മകസംഭാവനകളെയും അവർ തമ്മിലുടലെടുക്കേണ്ട സൗഹൃദസഹകരണങ്ങളെയും പിന്തുണയ്ക്കുന്നതിനോടൊപ്പം തന്നെ, മാനവ രാശിയുടെ പുരോഗതിക്ക് സഹായകമാകുന്ന കലാസൃഷ്ടികൾ അരങ്ങത്തെ ത്തിക്കുക രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം അരക്കിട്ടുറ റപ്പിച്ചുകൊണ്ട് സമാധാന പൂർണമായ ഒരു ലോകം കെട്ടിപ്പടുക്കാനായി അരങ്ങിന്റെ സാധ്യതകൾ സർഗാത്മ കമായി ഉപയോഗപ്പെടുത്തുക എന്നിങ്ങനെ വിശാലമായ ഒരു പരിപ്രേക്ഷ്യവും ഈ ദിനം മുന്നോട്ടുവെക്കുന്നുണ്ട്.

‘അരങ്ങും സമാധാനത്തിന്റെ സംസ്കാരവും’ (The­atre and a Cul­ture of Peace) എന്നതാണ് ഈ വർഷത്തെ നാടകദിനാചരണത്തിന്റെ സന്ദേശമായി സ്വീകരിച്ചിരിക്കുന്നത്. വ്യത്യസ്തവും വിഭിന്നവുമായ സംസ്കാരങ്ങളെ കൂട്ടിയിണക്കി മുന്നോട്ടുകൊണ്ടുപോകുന്നതിലും അതുവഴി ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകം പണിതുയർത്തുന്നതിൽ നാടകകലയ്ക്കുള്ള പങ്കിനെയാണ് ഈ സന്ദേശം ഉയർത്തിക്കാട്ടുന്നത്. നാടകമെന്ന പുരാതന കലാരൂപത്തിന്റെ അതി വീശിഷ്ടമായ സൗന്ദര്യാത്മകതയും ഓരോ അരങ്ങിനും പിറകിൽ സംഭവിക്കുന്ന സർഗപ്രക്രിയയും കഠിനമായ പ്രയത്നവുമെല്ലാം ഈ ദിനത്തിൽ ഓർമ്മിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നു. നാടകത്തിന്റെ സാർവലൗകികവും സർവതലസ്പർശിയുമായ സംഭാ വനകളെയും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ആ കല ചെലുത്തുന്ന സ്വാധീനത്തെയും ഈ ദിനം നമ്മളെ ഓർമ്മിപ്പിക്കുന്നു.

നാടകകൃത്തുക്കളും സംവിധായകരും അഭിനേതാക്കളും മാത്രമല്ല രംഗ പടവും വേഷവിധാനവും ഒരുക്കുന്നവർ, ഗാനരച യിതാക്കൾ, സംഗീതസംവിധായകർ, ഗായകർ, ശബ്ദവും വെളിച്ചവും കൈകാര്യം ചെയ്യുന്നവർ… ഇങ്ങനെ നാടകത്തിന്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഓരോ വ്യക്തിയെയും സംബന്ധിച്ചിടത്തോളം ഈ ദിനം വളരെ പ്രധാന്യമുള്ള ഒന്നാണ്. ലോകമെമ്പാടുമുള്ള നാടകപ്രേമികൾ, നാടകാ വതരണങ്ങൾ, നാടകസംബന്ധിയായ ചർച്ചകൾ, ശില്പശാലകൾ, പരിശീലന ക്ലാസുകൾ, ഈ രംഗത്തെ പ്രഗത്ഭ മതികളെ ആദരിക്കൽ, അരങ്ങനുഭവങ്ങളുടെ പങ്കുവെക്കൽ തുടങ്ങി വ്യത്യസ്തമായ കർമ്മപരിപാടികളിലൂടെ ഈ ദിനം സമുചിതമായി ആഘോഷിക്കുന്നു.

ലോക നാടക ദിനത്തിന്റെ ഈ ഉദ്ദേശ്യലക്ഷ്യങ്ങൾ എത്രയോ കാലം മുൻപു തന്നെ പ്രവർത്തനപഥത്തിൽ കൊണ്ടുവന്ന പ്രസ്ഥാനമാണ് ഇന്ത്യൻ പീപ്പിൾസ് തീയറ്റേഴ്സ് അസോസിയേഷൻ എന്ന ഇപ്റ്റ. ഒരുകാലത്ത് അഭിജാത വർഗത്തിന്റെ ആനന്ദത്തിനും നേരമ്പോക്കിനും വേണ്ടി മാത്രം അരങ്ങേറിയിരുന്ന നാടകങ്ങളും മറ്റു കലകളും നാട്ടിലെ പട്ടിണിപ്പാവങ്ങൾക്കും അടിസ്ഥാനവർഗത്തിനും കൂടി വേണ്ടിയിട്ടുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചതും സാധാരണ ക്കാരുടെ വ്യവഹാര ഭാഷയിൽ അവരുടെ നീറുന്ന പ്രശ്നങ്ങൾ പ്രമേയമാക്കിക്കൊണ്ടുള്ള നാടകങ്ങൾ രംഗത്ത് അവതരിപ്പിക്കാൻ നേതൃത്വം കൊടുത്തതും ഇപ്റ്റയാണ്. ഇതിനായി നാടോടി കലാരൂപങ്ങളെ സമർത്ഥമായി ഉപയോഗപ്പെടുത്തി. ആ കലകളുടെ പുനരുധാരണത്തിന് ഇത് വഴിയൊരുക്കി. ഇന്ത്യയിലെ തനത് നാടകരൂപങ്ങളായ ജാത്ര(ബംഗാൾ) പാവ്ടാ, ലാവണി (മഹാരാഷ്ട്ര), ബുറാക്കഥ (ആന്ധ്ര) തുടങ്ങിയ പാരമ്പര്യ നാടക രൂപങ്ങളെ ആധുനിക അവതരണ സമ്പ്രദായവുമായി സംയോജിപ്പിച്ചുകൊണ്ട് പുതിയൊരു നാടകവേദിക്ക് തന്നെ രൂപംകൊടുത്തു.

ഈ നാടോടികലാരൂപങ്ങളെ സമുചിതവും അനുയോജ്യവു മായ രീതിയിൽ ഉപയോഗിക്കുക മാത്രമല്ല ഇപ്റ്റ ചെയ്തത്, ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമൊക്കെ ആരാലും ശ്രദ്ധിക്കപ്പെടാതെ അജ്ഞാതരായി കഴിഞ്ഞുകൂടാൻ വിധിക്കപ്പെട്ട എത്രയോ പേരെ കണ്ടെത്തി, അവരർഹിക്കുന്ന പ്രോത്സാഹനം നൽകി അവരെ വളർത്തി, അറിയപ്പെടുന്ന കലാപ്രതിഭകളാക്കി മാറ്റിയതിലും ഇപ്റ്റയ്ക്ക് വലിയ പങ്കുണ്ട്. ഏറെ പ്രഗത്ഭ മതികളായ എത്രയോ നാടക/സംഗീത/നൃത്ത/വാദ്യ കലാ പ്രതിഭകളാണ്, ഇപ്റ്റയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി ഈ സംഘടനയിലേക്ക് എത്തിയത്. ഇപ്റ്റയുടെ സജീവ പ്രവർത്തകരാകാൻ അവസരം കിട്ടാത്ത പല പ്രതിഭാധനരും ഈ പ്രസ്ഥാനത്തിന്റെ അഭ്യു ദയകാക്ഷികളായി എക്കാലവും നിലകൊള്ളുകയും ആവശ്യമായ സഹായ സഹകരണങ്ങൾ കാലാകാലങ്ങളിൽ നൽകുകയും ചെയ്തിട്ടുണ്ട്.

നാടകദിനം ഏറ്റവും സാർത്ഥകമാകുന്നത്, അത് പ്രാദേശിക തലത്തിൽ ചെറുപട്ടണങ്ങളിലും ഉൾനാടൻ ഗ്രാമങ്ങളിലുമൊക്കെ കൊച്ചു കൊച്ചു പരിപാടികളിലൂടെ കൊണ്ടാടപ്പെടുമ്പോഴാണ്. ഇന്നത്തെ കാലഘട്ടത്തിൽ അതിന്റെ പ്രസക്തി വളരെ വലുതാണ്. നമ്മെ സംബന്ധിച്ചിടത്തോളം ഭയാനകമായ രീതിയിൽ ദിനം പ്രതിയെന്നോണം വളരുകയും മഹാമാരി പോലെ അതിവേഗം പടരുകയും ചെയ്യുന്ന വർഗീയതയും മതപരമായ അസഹിഷ്ണുതയും ജനാധിപത്യ ഇന്ത്യയുടെ വർത്തമാന കാലത്തെ മാത്രമല്ല ഭാവിയെയും അപകടകരമായ വിധത്തിൽ ബാധിച്ചുകഴിഞ്ഞിരിക്കുന്നു. വിഭജനത്തിന് തൊട്ടുമുൻപുള്ളത് പോലെ സംഘർഷ ഭരിത മായ ഒരു കാലം ആവർത്തിക്കുന്നത് നാം കാണുകയാണ്.

ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവർ സദാ ഭീതിയുടെ നിഴലിൽ ജീവിക്കുന്ന, അവരുടെ കുഞ്ഞുകുട്ടികളടക്കമുള്ള കുടുംബം ഹീനമായി പീഡിപ്പിക്കപ്പെടുകയും മൃഗീയമായി കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവങ്ങൾ പലകുറി ആവർത്തിച്ചു. സ്വതന്ത്ര ഇന്ത്യ ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തിൽ ജനാധിപത്യം പിച്ചിച്ചീന്തപ്പെടുന്നു.

സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും ന്യൂനപക്ഷങ്ങളുടെ സുരക്ഷിതത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി പോരാടിയ മഹത്തായ ചരിത്രത്തിന്റെ ഉടമയാണ് ഇപ്റ്റ. മഹാക്ഷാമത്തിന്റെയും വർഗീയ കലാപത്തിന്റെയും സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെയും സംഘർഷ ഭരിത മായ രംഗഭൂമിയിൽ ആരെയും കൂസാതെ സമാധാനത്തിന്റെ വെളുത്ത കൊടിയുമേന്തി ജനാധിപത്യാവകാശങ്ങൾക്ക് വേണ്ടിയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് മാർച്ചു ചെയ്യുകയും ആടുകയും പാടുകയും പാട്ടും നാടകങ്ങളവതരിപ്പിക്കുകയും ചെയ്ത ധീരദേശാഭിമാനികളാണ് ഇപ്റ്റയുടെ പ്രതിഭകൾ. ആ മഹത്തായ പാരമ്പര്യമെറ്റെടുത്തുകൊണ്ട്, ‘സമാധാനത്തിന്റെ സംസ്കാരം’ എന്ന ലോക നാടക ദിനത്തിന്റെ മുദ്രാവാക്യവുമായി ഇപ്റ്റയുടെ പ്രവർത്തകർ ഈ മാർച്ച് 27ന് രംഗത്തിറങ്ങാൻ തയ്യാറെടുക്കുകയാണ്. മഹാനായ ശാസ്ത്രജ്ഞൻ ഹോമി ഭാഭ നാമകരണം ചെയ്ത ഈ പ്രസ്ഥാനത്തിന്റെ എൺപതാം ജന്മവാർഷികവും മലയാളനാടകചരിത്രത്തിലെ ഏറ്റവും പ്രധാന നാഴികക്കല്ലായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ എഴുപതാം വാർഷികവും ആഘോഷിക്കുന്ന വേളയിലാണ് ഈ ലോക നാടകദിനവും കടന്നുവരുന്നത് എന്നതിൽ ഇപ്റ്റയുടെ പ്രവർത്തകർക്ക് അഭിമാനിക്കാം.

ഈ വർഷത്തെ നാടകദിന സന്ദേശം നൽകുന്നത് ഈജിപ്തിന്റെ അരങ്ങത്തും ചലച്ചിത്ര/ടെലിവിഷൻ മാധ്യമങ്ങളിലും ഒരുപാട് കാലം തിളക്കമാർന്ന സാന്നിധ്യമായിരുന്ന സമിഹാ അയോബാണ്. ആ പ്രഗത്ഭ അഭിനേത്രിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ‘അരങ്ങത്ത് ആവിഷ്‌കരിക്കുന്നത് ജീവിതം തന്നെയാണെന്നും ശൂന്യതയിൽ നിന്നുമാണ് അതിനെ രൂപപ്പെടുത്തിയെടുക്കുന്നതും ഞാൻ പറയുന്നത് അതിശയോക്തി അല്ല. ജ്വലിക്കുന്ന തീക്കനലാലെന്ന പോലെ അത് രാത്രിയുടെ ഇരുട്ടിന് വെളിച്ചവും തണുപ്പിന് ചൂടും പകരുന്നു. ജീവിതത്തെ ഗാംഭീര്യവത്താക്കുന്നതും ഊർജ്ജ്വസ്വലവും അർത്ഥപൂർണവുമാക്കുന്നതും നാം തന്നെയാണ്.… അജ്ഞതയുടെയും തീവ്രവാദത്തിന്റെയും ഇരുട്ടിനെ കലയുടെ വെളിച്ചം കൊണ്ട് പ്രതിരോധിക്കുന്നവരാണ് നാം.…

കൈകൾ പരസ്പരം ചേർത്തുപിടിച്ച്, തോളോടുതോൾ ചേർന്ന് ആവുന്നത്ര ഉച്ചത്തിൽ വിളിച്ചുപറയാൻ ഞാൻ നിങ്ങളെ അരങ്ങത്തേക്ക് ക്ഷണിക്കുകയാണ്. ഈ ലോകത്തിന്റെ മനസാക്ഷിയെ തട്ടിയുണർത്താൻ, നമ്മുടെ ഉള്ളിലെപ്പോഴോ നഷ്ടമായ മനുഷ്യസത്തയെ തെരഞ്ഞുപിടിച്ചു വീണ്ടെടുക്കാൻ ആ വാക്കുകൾക്ക് സാധ്യമാകട്ടെ… നമ്മൾ നാടകകൃത്തുക്കൾപ്രബുദ്ധതയുടെ ദീപശിഖയേന്തുന്നവരാണ്. ഏറ്റവും ആദ്യത്തെ അഭിനേതാവ് ഏറ്റവും ആദ്യത്തെ അരങ്ങത്ത് പ്രത്യക്ഷപ്പെട്ടതുമുതൽ വൃത്തികെട്ടതും രക്തരൂക്ഷിതവും മനുഷ്യത്വരഹിതവുമായ എല്ലാത്തിനെയും എതിർക്കുന്നതിൽ നമ്മൾ ഏറ്റവും മുന്നിൽ തന്നെയുണ്ടായിരുന്നു. സുന്ദരവും നിർമ്മലവും മനുഷ്യത്വം നിറഞ്ഞതുമായ ഏതുകാര്യവുമുപയോഗിച്ച് നാം അതിനെയൊക്കെ നേരിട്ടു. മാറ്റാർക്കുമല്ല, നമുക്ക് മാത്രമാണ് ഈ ലോകമാകെ ജീവിതത്തെ സംക്രമിപ്പിക്കാൻ കഴിയുക. ഒരൊറ്റ ലോകം, ഒരു മാനവികത-ഇതിനുവേണ്ടി നമുക്കൊരുമിച്ച് അണിനിരക്കാം’.

Eng­lish Sam­mury: World The­ater Day Arti­cles, by Bai­ju chandran

 

Exit mobile version