Site iconSite icon Janayugom Online

കടലും കടൽത്തീരവും ഇനി തിളങ്ങും; ശുചിത്വ സാഗരം സുന്ദര തീരം പദ്ധതിക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ തീരപ്രദേശങ്ങളും കടലും പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കാനുള്ള ‘ശുചിത്വ സാഗരം സുന്ദര തീരം’ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

ബോധവല്‍ക്കരണം, പ്ലാസ്റ്റിക് മാലിന്യ ശേഖരണവും പുനരുപയോഗവും തുടർ ക്യാമ്പയിൻ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് പദ്ധതി സംഘടിപ്പിക്കുന്നത്. ബോധവൽക്കരണ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ തുടക്കം കുറിക്കുന്നത്.

രണ്ടാംഘട്ടമായി 590 കിലോമീറ്റർ കടൽത്തീരം പ്ലാസ്റ്റിക് മുക്തമാക്കുന്നതിന് സെപ്റ്റംബർ 18 ന് പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിക്കും. ഓരോ കിലോമീറ്ററിലും ഈ പ്രവർത്തനങ്ങൾ നടത്തുന്നതിന് 25 സന്നദ്ധ പ്രവർത്തകർ ഉൾപ്പെടുന്ന 600 കര്‍മ്മ സേനകളെ നിയോഗിക്കും.

ഇത്തരത്തിൽ 15,000 സന്നദ്ധ പ്രവർത്തകരെങ്കിലും പ്ലാസ്റ്റിക് നിർമ്മാർജ്ജന യജ്ഞത്തിൽ പങ്കാളികളാകും. അഴിമുഖങ്ങൾ, പുലിമുട്ടുകൾ എന്നിവിടങ്ങളിൽ നിന്നും പ്ലാസ്റ്റിക് മാലിന്യം മുങ്ങിയെടുത്ത് നീക്കം ചെയ്യുന്നതിന് മുങ്ങൽവിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്തും.

കര്‍മ്മ സേനകൾ ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ച് സംഭരിച്ച് ക്ലീൻ കേരള മിഷൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ചുമതലയിൽ ഷ്രെഡിംഗ് യൂണിറ്റുകളിലേക്ക് മാറ്റി ശാസ്ത്രീയമായി സംസ്‌കരിക്കും. മൂന്നാം ഘട്ടത്തിൽ പദ്ധതി സംസ്ഥാനത്തെ മറ്റ് 20 തുറമുഖങ്ങളിലേക്കും വ്യാപിപ്പിച്ച് സമുദ്രാടിത്തട്ടിൽ അടിഞ്ഞുകൂടിയിട്ടുള്ള പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് നിർമ്മാർജ്ജനം ചെയ്യുന്ന സ്ഥിരം സംവിധാനം ഒരുക്കും.

പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചാലുള്ള ശിക്ഷയെ സംബന്ധിച്ച് നോട്ടീസുകൾ തയാറാക്കും. അവബോധ ക്ലാസുകളിലും ഇക്കാര്യങ്ങൾ വ്യക്തമാക്കും. ഇത് സംബന്ധിച്ച ബോർഡുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബീച്ചുകൾ, തുറമുഖങ്ങൾ, പ്രധാന ലാന്റിങ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് സ്ഥാപിക്കും.

ശുചിത്വ സാഗരം സുന്ദര തീരം ക്യാമ്പയിനിൽ സംസ്ഥാനാടിസ്ഥാനത്തിൽ ഏറ്റവും മികച്ച പ്രവർത്തനം നടത്തി കടൽത്തീരം പ്ലാസ്റ്റിക് മുക്തവും ശുചിത്വമുള്ളതും മനോഹരവുമാക്കുന്ന ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് മുഖ്യമന്ത്രിയുടെ എവർ റോളിങ് ട്രോഫിയും അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് അവാർഡും നൽകും. അതോടൊപ്പം ഒമ്പത് കടല്‍ത്തീരജില്ലകളിൽ നിന്ന് മികച്ച പ്രവർത്തനം നടത്തുന്ന ജില്ലാ പഞ്ചായത്തിനെ തിരഞ്ഞെടുത്ത് അഞ്ച് ലക്ഷം രൂപ ക്യാഷ് അവാർഡും എവർ റോളിങ് ട്രോഫിയും നൽകും.

സംസ്ഥാനതല ഉദ്ഘാടനം ലോക സമുദ്രദിനമായ ഇന്ന് കൊല്ലം വാടി കടപ്പുറത്ത് നടക്കും. തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം നിർവഹിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ — ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ലോഗോ പ്രകാശനം ചെയ്യും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ പങ്കെടുക്കും. പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ ചലച്ചിത്ര താരം മഞ്ജു വാര്യർ ആശംസകൾ അറിയിക്കും.

Eng­lish summary;Today start of the Suji­it­va Sagaram Sun­dara Theer­am project

You may also like this video;

Exit mobile version