Site icon Janayugom Online

പഞ്ചാബിൽ ഇന്ന് സത്യപ്രതിജ്ഞ

പഞ്ചാബിലെ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭാ പുന:സംഘടന അന്തിമ പട്ടിക ദേശീയ നേതൃത്വം അംഗീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി ഗവർണറെ കണ്ട് അനുമതി തേടി. മുൻ മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ വിശ്വസ്തരില്‍ പലരെയും പുതിയ മന്ത്രിസഭയില്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭയിൽ അടിയന്തര മാറ്റങ്ങൾ വേണമെന്ന് ചന്നി ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിരുന്നു. നിലവിൽ പാ‍ർട്ടിയുടെ നി‍ർണായക പദവിയിലുള്ളവരെ മന്ത്രിസഭയിലേക്ക് കൊണ്ടുവരണമെന്നാണ് സിദ്ദുവിന്റെ ആവശ്യം. കഴിഞ്ഞ 20 ന് മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം മൂന്നുതവണയാണ് ചന്നി ഹൈക്കമാൻഡുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡല്‍ഹിയിലെത്തിയത്.

രാഹുൽ ​ഗാന്ധി, സോണിയ ​ഗാന്ധി, ഹരീഷ് റാവത്ത് തുടങ്ങിയവര്‍ ചന്നിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആകെ 15 മന്ത്രിമാരായിരിക്കും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇവരില്‍ ഏഴുപേര്‍ പുതുമുഖങ്ങളായിരിക്കും. രാജ്കുമാര്‍ വെര്‍ക, കുല്‍ജിത് നഗ്ര, ഗുര്‍കീരത് സിങ് കോട്ലി, പര്‍ഗത് സിങ്, രാജാ വാറിങ്, റാണാ ഗുര്‍ജീത്, സുര്‍ജിത് സിങ് ധിമാന്‍ എന്നിവരായിരിക്കും പുതിയ മന്ത്രിമാര്‍. കൂടാതെ സിദ്ദു പക്ഷത്ത് നിന്നുള്ള നാല് നേതാക്കളും പട്ടികയിൽ ഇടം നേടി. 

നിലവിലെ ആരോഗ്യമന്ത്രി ബല്‍ബീര്‍ സിദ്ദു, വനംമന്ത്രി സാധു സിങ്, സ്പോര്‍ട്സ് മന്ത്രി റാണ എന്നിവര്‍ക്ക് പുറമെ ഗുര്‍മീത് സോധി, എസ് എസ് അറോറ, ഗുര്‍പ്രീത് കാന്‍ഗാര്‍ എന്നിവര്‍ക്കും സ്ഥാനം നഷ്ടമാകും. അതേസമയം അമരീന്ദര്‍ പക്ഷക്കാരായ ബ്രഹ്മ മൊഹീന്ദ്ര, ഭരത് ഭൂഷണ്‍ ആഷു, വിജേന്ദ്ര സിംഘ്‌ല എന്നിവര്‍ മന്ത്രിസ്ഥാനത്ത് തുടരുമെന്നും സൂചനയുണ്ട്. സ്പീക്കര്‍ സ്ഥാനത്തേക്കും ബ്രഹ്മ മൊഹീന്ദ്ര പരിഗണിക്കപ്പെടുന്നുണ്ട്. 

ENGLISH SUMMARY:today Sworn in Punjab
You may also like this video

Exit mobile version