മാതാവിന്റെ രണ്ടാമത്തെ മറ്റേണിറ്റി ഫോട്ടോ ഷൂട്ടിനിടെ മൂത്ത മകൻ സ്വിമ്മിങ് പൂളിൽ വീണ് ദാരുണാന്ത്യം. ബംഗളൂരുവിലെ ഗിഡ്ഡേനഹള്ളിയിലാണ് സംഭവം. ലക്ഷ്മീർ എന്ന മൂന്ന് വയസ്സുകാരനാണ് മരിച്ചത്. ജെപി നഗർ സ്വദേശികളായ സ്വാതിയുടെയും ചരൺ രാജിന്റെയും മകനാണ് ലക്ഷ്മീർ. സ്വാതി രണ്ടാമത്തെ കുഞ്ഞിനെ എട്ട് മാസം ഗർഭിണിയാണ്. ചരൺ രാജ് ഒരാഴ്ച മുമ്പ് ജോലി സംബന്ധമായി വിദേശത്തേക്ക് പോയിരുന്നു. ഗർഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗർഭകാല ഫോട്ടോഷൂട്ടിനായി എത്തിയതായിരുന്നു.
ഈ സമയത്ത് സമീപത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുള്ള ലക്ഷ്മീർ അബദ്ധത്തിൽ പൂളിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് ചരൺ രാജ് നാളെ വിദേശത്ത് നിന്ന് ബംഗളൂരുവിൽ തിരിച്ചെത്തും. അതിനുശേഷമാകും പോസ്റ്റ്‌മോർട്ടം നടക്കുകയെന്നാണ് വിവരം. ഇന്നലെ നടന്ന സംഭവത്തിന്റെ ആഘാതത്തിൽ അമ്മ സ്വാതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൂന്ന് വയസുകാരനൊപ്പമുണ്ടായിരുന്നവരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറയുന്നത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

