Site iconSite icon Janayugom Online

പ്രദേശവാസികള്‍ക്കും ടോള്‍; പന്നിയങ്കര ടോൾ പ്ലാസയില്‍ ഇന്ന് മുതല്‍ വ്യാപക പ്രതിഷേധം

പന്നിയങ്കര ടോൾ പ്ലാസയിൽ ഇന്ന് മുതല്‍ പ്രദേശവാസികളുടെ വാഹനങ്ങൾക്കു ടോൾ നൽകണം എന്ന ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം

2022 മാർച്ചിൽ ടോൾ പിരിവ് ആരംഭിച്ചതു മുതൽ പ്രദേശവാസികളുടെ വാഹനങ്ങൾ സൗജന്യമായാണു കടത്തിവിട്ടിരുന്നത്. എന്നാല്‍ ഇതിനു നിയമ പരിരക്ഷ ഒന്നുമില്ലെന്നും അതുകൊണ്ട് എല്ലാ വിഭാഗം വാഹന ഉടമകളും ഇന്നു മുതല്‍ ടോൾ നല്‍കണമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. അതേസമയം, പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ടോൾ പ്ലാസയ്ക്കു മുൻപിൽ വിവിധ സംഘടനകൾ പ്രതിഷേധം ഇന്നു മുതല്‍ ശക്തമാക്കും.
ടോൾ പിരിവ് ആരംഭിച്ചാൽ ടോൾ പ്ലാസ ഉപരോധിക്കുമെന്നും വാഹനങ്ങൾ തടയുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പു നൽകിയിരുന്നു. എല്ലാ കാര്യങ്ങൾക്കും വടക്കഞ്ചേരി പട്ടണത്തെ ആശ്രയിക്കുന്ന ജനങ്ങൾക്ക് എപ്പോഴും ടോൾ നൽകി യാത്ര ചെയ്യാനാകില്ലെന്നും തുച്ഛമായ വില വാങ്ങിയാണു പ്രദേശവാസികൾ ദേശീയപാതയ്ക്കു സ്ഥലം വിട്ടുനൽകിയതെന്നുമാണ് നാട്ടുകാരുടെ വാദം.

അന്നു പറഞ്ഞ വാഗ്ദാനങ്ങളിൽ നിന്നും ടോള്‍ കമ്പനി പിൻമാറിയാൽ സമരം ശക്തമാക്കുമെന്നും അവര്‍ വ്യക്തമാക്കി. വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്തിലുള്ളവർക്കാണു സൗജന്യയാത്ര അനുവദിച്ചിരിക്കുന്നത്. ഇതു നിർത്തലാക്കാൻ അനുവദിക്കില്ലെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ രാവിലെ കേരള കോൺഗ്രസ് എം പ്രവര്‍ത്തകരും, വൈകിട്ട് കോൺഗ്രസ് വടക്കഞ്ചേരി, ആലത്തൂർ, പാണഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലും പ്രതിഷേധ മാർച്ച് നടത്തും. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. വൈകിട്ടു 4.30ന് ബിജെപി വടക്കഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ടോൾ പ്ലാസയ്ക്കു സമീപം കുത്തിയിരിപ്പു സമരം നടത്തി. 

സിപിഎം വടക്കഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9ന് പന്നിയങ്കര ടോൾ പ്ലാസയിലേക്കു മാർച്ചും തുടർന്ന് ഉപരോധവും നടത്തി.
വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സ്കൂൾ ബസ് അസോസിയേഷൻ എന്നീ സംഘടനകൾ ഇന്ന് ടോൾ പ്ലാസ ഉപരോധിക്കും. എന്നാല്‍ ടോൾ നൽകാതെ വാഹനങ്ങൾ കടത്തിവിടില്ലെന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതായും ടോൾ പ്ലാസ അധികൃതർ വ്യക്തമാക്കി. ടോള്‍ വാങ്ങിയാല്‍ എഐവൈഎഫ്, ഡിവൈഎഫ്ഐ സംഘടനകളും പ്രതിഷേധവുമായി എത്തും.

Exit mobile version