Site iconSite icon Janayugom Online

കേന്ദ്രത്തിന്റെ ഒത്താശയോടെ പാലിയേക്കരയിൽ ടോൾ കൊള്ള തുടരുന്നു

paliakakarapaliakakara

ഇടപ്പള്ളി-മണ്ണുത്തി ദേശീയ പാതയിലെ പാലിയേക്കര ടോൾ പ്ലാസയിൽ ദേശീയ പാതാ അതോറിട്ടിയും കരാർ കമ്പനിയും ചേർന്നുള്ള കൊള്ള തുടരുന്നു. 761 കോടി രൂപ ചെലവിൽ നിർമ്മിച്ച 62 കിലോമീറ്റർ നാലുവരി പാതയ്ക്കായി 1201 കോടി പിരിച്ചു കഴിഞ്ഞിടത്താണ് വീണ്ടും ടോൾ നിരക്ക് വർധിപ്പിച്ച് ജനങ്ങളെ പിഴിയുന്നത്. എറണാകുളം ജില്ലയിലെ ഇടപ്പള്ളിയിൽ തുടങ്ങി തൃശൂർ ജില്ലയിലെ മണ്ണുത്തിയിൽ അവസാനിക്കുന്ന ദേശീയ പാതയിലെ പാലിയേക്കരയിൽ 2012 ഫെബ്രുവരി ഒമ്പത് മുതൽ ടോൾ പിരിവ് തുടങ്ങിയതാണ്. പിരിവ് 2028 ഫെബ്രുവരി ഒമ്പത് വരെ തുടരാനാണ് ദേശീയ പാതാ അതോറിട്ടിയും കരാർ കമ്പനിയായ ഗുരുവായൂർ ഇൻഫ്രാസ്ട്രെക്ചറും തമ്മിലുള്ള കരാർ. 

നിലവിൽ പ്രതിദിനം 44.58 ലക്ഷം രൂപ പിരിഞ്ഞു കിട്ടുന്നതായാണ് കണക്ക്. ഇതനുസരിച്ച് 2028 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകുമ്പോൾ 2024 കോടി രൂപ കീശയിലാകും. മുടക്കുമുതലിന്റെ രണ്ടിരട്ടിയോളം ലാഭം. എല്ലാ വർഷവും സെപ്റ്റംബര്‍ ഒന്നാം തീയതി ടോൾ നിരക്ക് പുതുക്കുന്ന പ്രക്രിയ ആവർത്തിക്കുകയാണ്.
ടോൾ പ്ലാസയിലെ കൊള്ളയ്ക്കെതിരെ ഉപരോധമടക്കമുള്ള നിരന്തര പ്രക്ഷോഭവുമായി എഐവൈഎഫ് രംഗത്തുണ്ട്. വാഹനമുടമകളും ടോൾ പ്ലാസ ജീവനക്കാരും തമ്മിലുള്ള പ്രശ്നങ്ങളും പതിവാണ്. കാലാവധിക്ക് മുമ്പായി പിരിവ് അവസാനിപ്പിച്ചാൽ കരാർ കമ്പനിക്ക് നഷ്ടപരിഹാരം നൽകേണ്ടതായി വരുമെന്നും അതുകൊണ്ട് ടോൾ അവസാനിപ്പിക്കാനാവില്ലെന്നുമുള്ള വിചിത്ര നിലപാടാണ് കേന്ദ്രത്തിന്റേത്. 2012 ഫെബ്രുവരി മുതൽ 11 തവണ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. അതേസമയം, ടോൾ നൽകുമ്പോൾ മികച്ച നിലവാരത്തിലുള്ള പാതയിലൂടെ യാത്ര ചെയ്യുക എന്ന ഉപഭോക്താവിന്റെ അവകാശം ഇവിടെ നിഷേധിക്കപ്പെടുന്നുവെന്ന പരാതികളും ഏറെയാണ്. റോഡ് റീ ടാറിങ്, അറ്റകുറ്റപ്പണികൾ, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ കരാർ വ്യവസ്ഥകൾ കമ്പനി നിരന്തരം ലംഘിക്കുകയാണെന്നാണ് ആക്ഷേപം. 

പണി പൂർത്തിയാകാതെ ടോൾ പിരിക്കുന്നതിന് അനുമതി സമ്പാദിച്ചതിൽ 104 കോടി രൂപയുടെ അഴിമതിയുണ്ടെന്ന് കാണിച്ച് കരാർ കമ്പനിക്കെതിരെ 2020ൽ സിബിഐ കേസ് എടുത്തിരുന്നു. പിരിവ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്പര്യ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. കരാർ കമ്പനിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ എൽഡിഎഫ് സർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നെങ്കിലും പരിഗണിച്ചില്ല. കെഎസ്ആർടിസി പ്രതിമാസം ഒന്നരക്കോടി രൂപയാണ് ടോൾ നിരക്കായി നൽകുന്നത്. ഇത് ഒഴിവാക്കിക്കിട്ടാനും കേന്ദ്രത്തെ സമീപിച്ചെങ്കിലും നടപടി ഉണ്ടായില്ല.
പ്ലാസയിൽ വാഹനനിര 100 മീറ്റർ കടന്നാൽ ടോൾ വാങ്ങാതെ കടത്തിവിടണമെന്ന ദേശീയപാതാ അതോറിട്ടിയുടെ മാർഗനിർദേശമുണ്ട്. ഇത് നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അതും പാലിയേക്കരയിൽ ലംഘിക്കുന്നുവെന്നാണ് പരാതി. 

Eng­lish Sum­ma­ry: Toll rate increas­es con­tin­ues in Paliekara

You may also like this video

Exit mobile version