Site iconSite icon Janayugom Online

തക്കാളി പ്രഭാവം: ഭക്ഷണ വിലയില്‍ വന്‍ വര്‍ധന

രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധന കുതിക്കുന്നു. ജൂലൈയില്‍ വെജ് താലി ഊണിന് 34ശതമാനവും നോണ്‍വെജ് താലിക്ക് 13 ശതമാനവും വില വര്‍ധിച്ചതായി ക്രെഡിറ്റ് റേറ്റിങ് കമ്പനിയായ ക്രിസില്‍ വ്യക്തമാക്കുന്നു. 34 ശതമാനം വിലവര്‍ധനയില്‍ 25 ശതമാനത്തിന്റെയും കാരണം തക്കാളി വിലയിലെ വര്‍ധനയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തക്കാളി വില ജൂണില്‍ കിലോയ്ക്ക് 33 രൂപയായിരുന്നത് 233 ശതമാനം വര്‍ധിച്ച് ജൂലൈയില്‍ 110 രൂപയായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
റീട്ടെയില്‍ വില കിലോയ്ക്ക് 250 ആയതായും പെട്രോള്‍ വിലയെക്കാള്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

റൊട്ടി, ചോറ്, പരിപ്പ്, സാലഡ്, തൈര് എന്നിവയ്ക്കൊപ്പം ഉള്ളി, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ഉള്‍പ്പെടുന്നതാണ് സസ്യാഹാര താലി ഊണ്. മാംസാഹാര താലി ഊണുകളില്‍ പരിപ്പിന് പകരം ചിക്കണ്‍ എന്നതാകും പ്രത്യേകത.ചെറുധാന്യങ്ങള്‍, ധാന്യങ്ങള്‍, ഇറച്ചിക്കോഴി, പച്ചക്കറി, സുഗന്ധവ്യഞ്ജനങ്ങള്‍, പാചകത്തിനുപയോഗിക്കുന്ന എണ്ണ, പാചക വാതകം എന്നിവയുടെ വിലയിലെ കുതിപ്പും താലി ഊണുകളില്‍ പ്രതിഫലിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മുളകിന്റെ വില 69 ശതമാനവും ജീരക വില 16 ശതമാനവും ഉയര്‍ന്നു. ജൂണ്‍ മാസത്തില്‍ വെജ് താലി ഊണുകള്‍ക്ക് 26.3 രൂപയും നേണ്‍വെജ് ഊണുകള്‍ക്ക് 60 രൂപയുമായിരുന്നു വില. എന്നാല്‍ അടുത്ത മാസത്തില്‍ ഇത് 33.7 രൂപയും 66.8 രൂപയുമായി യഥാക്രമം മാറി. മേയ് മാസത്തില്‍ സസ്യാഹാരം. മാംസാഹാരം എന്നിവയ്ക്ക് 25ഉം 59 ഉം രൂപയായിരുന്നു യഥാക്രമം നല്‍കേണ്ടിയിരുന്നത്.
ഹോട്ടലുകളും റസ്റ്റോറന്റുകളും 50 ശതമാനം തുകയും സുഗന്ധവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമാണ് ഉപയോഗിക്കുന്നത്. 

Eng­lish Sum­ma­ry: Toma­to Effect: Mas­sive rise in food prices

You may also like this video

Exit mobile version