Site iconSite icon Janayugom Online

ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തും: ടോമിന്‍ ജെ തച്ചങ്കരി

പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പ് കാണാതായ ജെസ്‌ന എവിടെയെന്ന് സിബിഐ കണ്ടെത്തുമെന്ന് മുന്‍ ഡിജിപി ടോമിന്‍ ജെ തച്ചങ്കരി. അന്വേഷണ സമയത്ത് ലീഡുകള്‍ കിട്ടിയിരുന്നുവെന്നും കൊവിഡ് കാലത്ത് അന്വേഷണം നിലക്കുകയായിരുന്നുവെന്നും തച്ചങ്കരി പറഞ്ഞു.

‘അന്വേഷിച്ച സമയത്ത് കേസ് ഡയറി പരിശോധിച്ചപ്പോള്‍ ജസ്‌നയെ അവസാനം കണ്ട സമയം, സ്ഥലം, പോയത് എങ്ങനെയാണ്, എങ്ങോട്ടേക്കാണ് തുടങ്ങിയ കാര്യങ്ങളില്‍ വ്യത്യസ്തമായ ഒരു ലീഡ് കിട്ടി. അതുവച്ച് അന്വേഷണം തുടര്‍ന്നു. കൈയെത്തും ദൂരത്ത് ജസ്‌ന എത്തി എന്നുവരെ കരുതിയ സമയമുണ്ടായിരുന്നു. അപ്പോഴാണ് കൊവിഡ് വരുന്നത്.

പോകേണ്ടിയിരുന്നത് കുമളി, തേനി വഴി തമിഴ്‌നാട്ടിലേക്കായിരുന്നു. എന്നാല്‍ പിന്നീട് ഒന്നരവര്‍ഷക്കാലത്തോളം കേരളം അടഞ്ഞു കിടന്നു. ഈ സമയത്ത് കുടുംബം കോടതിയില്‍ പോവുകയും കേസ് സിബിഐയ്ക്ക് വിടുകയുമായിരുന്നു. കണ്ണികളായി അന്വേഷിച്ചു പോയ സമയത്ത് കേസ് തെളിയിക്കുമെന്നായിരുന്നു എല്ലാവരും വിചാരിച്ചത്’- തച്ചങ്കരി പറഞ്ഞു

ജെസ്‌നയ്ക്ക് എന്ത് സംഭവിച്ചൂവെന്നതിന് തെളിവൊന്നും ലഭിച്ചില്ലെന്ന് കാണിച്ച് സിബിഐ കഴിഞ്ഞ ദിവസം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Eng­lish Sum­ma­ry: Tomin J Thachankary reacts Jes­na miss­ing case
You may also like this video

Exit mobile version