കരിപ്പൂരിൽ സ്വർണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശ. സിഐഎസ്എഫിലെയും കസ്റ്റംസിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്വർണക്കടത്ത് നടന്നതായി പൊലീസിന് തെളിവ് ലഭിച്ചു. സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയെന്നാണ് കണ്ടെത്തൽ. പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് തെളിവുകൾ ലഭിച്ചത്. കഴിഞ്ഞദിവസം പിടിയിലായ സ്വർണക്കടത്തുകാരിൽ നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ പൊലീസ് കണ്ടെത്തിയിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണം കടത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായകവിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് പൊലീസിന് ലഭിച്ചു. കൂടാതെ ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളും കണ്ടെത്തി. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരിൽ നിന്ന് വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കരിപ്പൂരിലെ സ്വർണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്ന വിവരം ലഭിച്ചത്.
English Summary: top officials in gold theft: Police has received evidence
You may also like this video