ഗാസയില്‍ ഇസ്രയേല്‍ വംശീയ ഉന്മൂലനം നടത്തുകയാണെന്നും ഐക്യരാഷ്ട്ര സഭ അതിന്റെ കടമയിൽ പരാജയപ്പെടുകയാണെന്നും ചൂണ്ടിക്കാട്ടി യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുടെ ന്യൂയോർക്ക് ഓഫിസ് ഡയറക്ടർ ക്രെയ്ഗ് മൊഖിബർ രാജിവച്ചു.
ഒരിക്കൽ കൂടി കൺമുന്നിൽ ഒരു വംശഹത്യ അരങ്ങേറുന്നത് കാണേണ്ടിവരുന്നു. ഞാന്‍ ഉള്‍പ്പെടുന്ന സംഘടന അത് തടയാൻ ശക്തിയില്ലാത്തതായി തോന്നുന്നുവെന്നും മൊഖിബർ യുഎൻ ഹൈക്കമ്മിഷണർ വോൾക്കർ ടർക്കിന് നല്‍കിയ രാജിക്കത്തില്‍ പറഞ്ഞു, റുവാണ്ടയിലെ ടുട്‌സികൾക്കും ബോസ്‌നിയയിലെ മുസ്ലിങ്ങള്‍ക്കും ഇറാഖി യസീദികൾക്കും മ്യാൻമറിലെ റോഹിങ്ക്യകൾക്കും എതിരായ വംശഹത്യകൾ തടയുന്നതിൽ യുഎൻ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസും യുകെയും ജനീവ കൺവെൻഷനുകൾക്ക് കീഴിലുള്ള അവരുടെ ഉടമ്പടി ബാധ്യതകൾ നിറവേറ്റാൻ വിസമ്മതിക്കുന്നു.
ആക്രമണത്തിന് ആയുധം നൽകി ഇസ്രയേലിന് രാഷ്ട്രീയവും നയതന്ത്രപരവുമായ സംരക്ഷണം നല്‍കുകയാണെന്നും മൊഖിബർ ചൂണ്ടിക്കാട്ടി.
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് സ്ഥാനമൊഴിഞ്ഞത്.
പലസ്തീനു നേരെയുള്ള ഇസ്രയേല്‍ ആക്രമണത്തിന് പ്രസിഡന്റ് ജോ ബൈഡന്‍ ഏകപക്ഷീയമായി പിന്തുണ നല്‍കുന്നതില്‍ പ്രതിഷേധിച്ച് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ രാഷ്ട്രീയ സൈനിക കാര്യ ഡയറക്ടര്‍ ജോഷ് പോള്‍ രാജിവച്ചിരുന്നു.
സംഘര്‍ഷം കൈകാര്യം ചെയ്യുന്നതില്‍ ജോ ബൈഡന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇസ്രയേലിന് നല്‍കുന്ന പിന്തുണയിലും ആശങ്ക പ്രകടിപ്പിച്ചു. ഇസ്രയേലിന് യുഎസ് നല്‍കുന്ന അധിക സെെനിക സഹായത്തെ പിന്തുണയ്ക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജോഷ് പോള്‍ രാജി പ്രഖ്യാപിച്ചത്.
English Summary: Top UN official resigns in protest over Gaza genocide
You may also like this video