Site icon Janayugom Online

ഇന്ന് പന്തം കൊളുത്തി പ്രകടനം

torch

ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരോടും നാളെ നടക്കുന്ന ഗ്രാമീണ ബന്ദിനോടും ഐക്യദാർഢ്യം പ്രഖ്യാപിച്ച് എല്ലാ ലോക്കൽ കേന്ദ്രങ്ങളിലും ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്താൻ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാർട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു.
മിനിമം താങ്ങുവില അടക്കമുള്ള ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ ഡൽഹിയിലേക്ക് സമരത്തിനെത്തിയത്. കിരാതമായ മർദനം അഴിച്ചുവിട്ടുകൊണ്ടാണ് മോഡി ഭരണം അന്നദാതാക്കളുടെ ജീവിത സമരത്തെ നേരിടുന്നത്. 2021–22ൽ ഒരു വർഷത്തിലേറെ നീണ്ടുനിന്ന കർഷക സമരം ഒത്തു തീർപ്പാക്കുമ്പോൾ സർക്കാർ നൽകിയ വാഗ്ദാനങ്ങൾ ഒന്നും നടപ്പിലാക്കിയില്ല.

ഇന്ത്യൻ കാർഷിക മേഖലയെ കോർപറേറ്റ് കൊള്ളക്കാർക്ക് അടിയറവയ്ക്കാൻ ശ്രമിക്കുന്ന ബിജെപി സർക്കാർ എംഎസ്‌പി നടപ്പിലാക്കാമെന്ന വാഗ്ദാനവും വിസ്മരിച്ചിരിക്കുന്നു. ഈ വഞ്ചനയെ ചോദ്യം ചെയ്തുകൊണ്ടുള്ള കർഷക സമരത്തോടൊപ്പം ഇന്ത്യൻ ജനത അചഞ്ചലമായി നിൽക്കും.
വഞ്ചനയ്ക്ക് ബാലറ്റിലൂടെ മറുപടി കൊടുക്കാൻ ജനങ്ങൾക്ക് കഴിയും. പന്തം കൊളുത്തി പ്രകടനത്തിലൂടെ കർഷകരുടെയും ജനങ്ങളുടെയും പ്രതിഷേധം പ്രഖ്യാപിക്കാനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന് ബിനോയ് വിശ്വം പ്രസ്താവനയിൽ പറഞ്ഞു. 

You may also like this video

Exit mobile version