ബ്രസീലിലെ തെക്കുകിഴക്കൻ സംസ്ഥാനമായ മിനാസ് ഗെറൈസിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഇരുപതോളം പേര്‍ മരിച്ചു. നിരവധി പേരെ കാണാതായിട്ടുണ്ട്. തിങ്കളാഴ്ച ആരംഭിച്ച ശക്തമായ പേമാരി പിറ്റേ ദിവസവും തുടർന്നതോടെ നാനൂറിലധികം ആളുകൾ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്‌തെന്നാണ് അധികൃതര്‍ വ്യക്തമാക്കി. ജൂയിസ് ഡി ഫോറ നഗരത്തിൽ 16 പേരും യുബ സിറ്റിയിൽ നാല് പേരുമാണ് മരിച്ചത്.
കനത്ത മഴയെത്തുടർന്ന് പാരൈബൂണ നദി കരകവിഞ്ഞൊഴുകുകയും ഇരുപതോളം ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകരുകയും തെരുവുകൾ വെള്ളത്തിനടിയിലാവുകയും ചെയ്തതിനെത്തുടർന്ന് പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. പല നഗരങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ സ്കൂളുകൾക്കും അവധി നൽകിയിട്ടുണ്ട്.
അതേസമയം ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. അഗ്നിശമന സേനകളുടെ നേതൃത്വത്തിൽ പ്രദേശവാസികളെ ഒഴിപ്പിക്കാനും കാണാതായവർക്കായി തിരച്ചിൽ നടത്താനുമുള്ള ശ്രമങ്ങൾ തുടരുകയാണ്. 2024‑ൽ തെക്കൻ ബ്രസീലിലുണ്ടായ വെള്ളപ്പൊക്കത്തിൽ 200-ലധികം പേർ മരിച്ചിരുന്നു.

