Site iconSite icon Janayugom Online

അൻവറിനും തൃണമൂലിനും സമ്പൂർണ പരാജയം

നിലമ്പൂരിൽ പി വി അൻവറിന്റെ തൃണമൂല്‍ എട്ടുനിലയിൽ പൊട്ടി. നിലമ്പൂർ നഗരസഭയിൽ അഞ്ചിടങ്ങളിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥികൾ മത്സരിച്ചിച്ചുവെങ്കിലും എല്ലാവരും പരാജയപ്പെട്ടു. നിലമ്പൂർ പാത്തിപ്പാറ ഡിവിഷനിൽ അസൈനാർ, ആലുങ്ങലില്‍ ലതികാ രാജീവ്, മുമ്മുള്ളിയില്‍ ഷാജഹാൻ പാത്തിപ്പാറ, മുതീരിയില്‍ നിയാസ്, വരമ്പൻപൊട്ടിയില്‍ സുരേഷ് എന്നിവരാണ് മത്സരിച്ചത്. തൃണമൂലിന്റെ പ്രധാന സ്ഥാനാർഥിയും മുമ്മുള്ളി വാർഡിൽ മൽസരിച്ച പി വി അൻവറിന്റെ ഇഷ്ടക്കാരനുമായ ഷാജഹാൻ പാത്തിപ്പാറയ്ക്ക് ആകെ ലഭിച്ചത് ഏഴ് വോട്ടാണ്. വരമ്പൻ പൊട്ടിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇവിടെ അൻവറിന്റെ സ്ഥാനാർത്ഥിക്ക് ആകെ ലഭിച്ചത് 13 വോട്ടാണ്. മറ്റ് മൂന്നിടങ്ങളിൽ യുഡിഎഫ് സ്ഥാനാർത്ഥികളും വിജയിച്ചു. 

മുതീരിയിൽ 25 വോട്ടുകളും ആലുങ്ങലിൽ 61 വോട്ടുകളും പാത്തിപ്പാറയിൽ 107 വോട്ടുകളുമാണ് തൃണമൂൽ സ്ഥാനാർത്ഥികൾക്ക് നേടാനായത്. ഇടതുപക്ഷവുമായി തെറ്റിയ പി വി അൻവറിന്റെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന് യുഡിഎഫിനൊപ്പം ചേരാൻ താത്പര്യമുണ്ടായിരുന്നെങ്കിലും യുഡിഎഫ് പരിഗണിച്ചിരുന്നില്ല. ഒടുവിൽ സ്വതന്ത്രരായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷവുമായി ഉടക്കിയും യുഡിഎഫ് പ്രവേശനത്തിന് വഴി തെളിയിക്കാൻ ശക്തിപ്രകടനം നടത്തുകയും ചെയ്ത പി വി അൻവറിന് നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ആകെ 19760 വോട്ടുകളാണ് നേടാനായത്. അൻവറിന്റെ ശക്തി തെളിയിക്കാനുള്ള രണ്ടാമത്തെ അവസരമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും തകർന്നടിഞ്ഞത്. 

Exit mobile version