Site iconSite icon Janayugom Online

തമിഴ്നാട് പര്യടനം; വിജയ് ഇന്ന് നാമക്കലിലും കരൂരിലും എത്തും

സംസ്ഥാന പര്യടനത്തിന്റെ ഭാഗമായി തമിഴക വെട്രിക് കഴകം അധ്യക്ഷൻ വിജയ് ഇന്ന് നാമക്കൽ, കരൂർ ജില്ലകളിൽ എത്തുന്നു. എന്നാൽ, വിജയ്യുടെ പ്രസംഗ വേദികൾ സംബന്ധിച്ച് പൊലീസുമായുള്ള തർക്കം സംസ്ഥാന പര്യടനം മൂന്നാം വാരത്തിലേക്ക് കടക്കുമ്പോഴും തുടരുകയാണ്. കരൂരിൽ പ്രസംഗിക്കാനായി വിജയ് ആവശ്യപ്പെട്ട മൂന്ന് ഇടങ്ങളിലും പൊലീസ് അനുമതി നിഷേധിച്ചു. തങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പ്രസംഗിക്കാൻ സ്ഥിരമായി പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് ടി വി കെയുടെ പ്രധാന ആക്ഷേപം. കരൂരിലെ പ്രസംഗസ്ഥലം ഇന്നലെ ഉച്ചയോടെയാണ് തീരുമാനമായത്. വിജയ് ആവശ്യപ്പെട്ട സ്ഥലങ്ങൾ നിഷേധിച്ച പൊലീസ്, കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമി പ്രസംഗിച്ച വേലുച്ചാമിപുരത്ത് പ്രസംഗിക്കാൻ ആവശ്യപ്പെടുകയായിരുന്നു. മറ്റ് വഴികളില്ലാത്തതിനാൽ ടി വി കെ ഈ നിർദേശത്തിന് വഴങ്ങേണ്ടി വന്നു.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്റെ യാത്രയ്ക്ക് മേൽ അനാവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുവെന്ന് വിജയ് നേരത്തെ ആരോപിച്ചിരുന്നു. ഇന്നും ഇക്കാര്യത്തിൽ രൂക്ഷ വിമർശനം ഉന്നയിക്കാൻ വിജയ് ശ്രമിച്ചേക്കും. കൂടാതെ, ശനിയാഴ്ച മാത്രം പുറത്തിറങ്ങുന്നയാൾ എന്ന ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ ആക്ഷേപത്തിനും വിജയ് ഇന്ന് മറുപടി നൽകിയേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാമക്കലിൽ ആർ പി പുത്തൂരിൽ കെ എസ് സിനിപ്ലക്സിന് സമീപമാണ് വിജയ് ഇന്ന് പ്രസംഗിക്കുക.

Exit mobile version