കായലിലെ രാജാവിനെ തേടി നടത്തിയ മത്സരത്തിൽ കിരീടമണിഞ്ഞത് പുന്നമടക്കായലിന്റെ ജല രാജാവ്. വിനോദസഞ്ചാര വകുപ്പ് നടത്തുന്ന ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) രണ്ടാം സീസണിലെ എറണാകുളം മറൈന്‍ ഡ്രൈവിൽ നടന്ന അഞ്ചാം മത്സരത്തിലാണ് ഈ വർഷത്തെ നെഹ്റു ട്രോഫി വള്ളംകളി ജേതാക്കളായ മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ വള്ളം ഒന്നാമതെത്തിയത്.
ടോപ്പിക്കൽ ടൈറ്റാൻസിനായി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വള്ളം നാല് മിനുട്ടും 21.02 സെക്കന്റുമെടുത്തായിരുന്നു ഫിനിഷ് ചെയ്തത്. സിബിഎല്ലിനോടനുബന്ധിച്ച് സംഘടിപ്പിച്ച ചെറുവള്ളങ്ങളുടെ പ്രാദേശിക വള്ളംകളിയിൽ കൊച്ചിൻ ഷിപ്പ് യാർഡ് സ്പോൺസർ ചെയ്ത ഇരുട്ടുകുത്തി വള്ളമായ താണിയനാണ് ഒന്നാമതായി തുഴഞ്ഞെത്തിയത്.
വേമ്പനാട് ബോട്ട് ക്ലബ് തുഴഞ്ഞ പായിപ്പാട് ചുണ്ടൻ നാല് മിനുട്ടും 32.43 സെക്കന്റുമെടുത്ത് സിബിഎൽ മത്സരത്തിൽ രണ്ടാം സ്ഥാനത്തെത്തി. നാല് മിനുട്ടും 36.10 സെക്കന്റുമെടുത്ത് ഫിനിഷ് ചെയ്ത തണ്ടറേഴ്സിന് വേണ്ടി കെബിസിഎസ്എഫ്ബിസി ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് പാണ്ടി ചുണ്ടനാണ് മൂന്നാമത്. ഹനുമാൻ നമ്പർ 1, ടിബിസി തിരുത്തിപ്പുറം എന്നിവ പ്രാദേശിക വള്ളംകളി മത്സരത്തിൽ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഒക്ടോബർ 15ന് തൃശൂർ ജില്ലയിലെ കോട്ടപ്പുറത്താണ് അടുത്ത മത്സരം.
English Summary: Tourism Department organized by Boat race
You may also like this video