അഖിലേന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാര്യേജ് ആയി ഉപയോഗിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഇത്തരം വാഹനങ്ങൾ പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുകയാണെങ്കിൽ പിഴ ചുമത്താം. ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങൾ സ്റ്റേജ് കാരേജ് ആയി സർവീസ് നടത്തുന്നത് കെഎസ്ആർടിസി ഉൾപ്പടെയുള്ള സ്റ്റേജ് കാരേജ് വാഹനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് സ്വതന്ത്രമായ നടപടി സ്വീകരിക്കാം.
ഹർജിക്കാർ പിഴത്തുകയുടെ അമ്പത് ശതമാനം ഉടൻ അടയ്ക്കണമെന്നും ജസ്റ്റിസ് ദിനേശ് കുമാർ സിങ് ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി. പിഴ ഈടാക്കിയത് ചോദ്യം ചെയ്ത് ബസുടമയായ കൊല്ലം സ്വദേശി അബ്ദുള്ള എച്ച് നൗഷാദ് അടക്കം ഫയൽ ചെയ്ത ഹർജിയിലായിരുന്നു ഇടക്കാല ഉത്തരവ്. ടൂറിസ്റ്റ് പെർമിറ്റെടുത്ത് സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയതിനാണ് പിഴ ഈടാക്കിയതെന്ന് സർക്കാർ വാദിച്ചു. എന്നാൽ സമാനവിഷയത്തിൽ പിഴ ഈടാക്കുന്നത് തടഞ്ഞ് കോടതി ഇടക്കാല ഉത്തരവ് നൽകിയിട്ടുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. സമാന ഹർജികളോടൊപ്പം പരിഗണിക്കുന്നതിനായി ഹർജി മാറ്റി. റോബിൻ എന്ന സ്വകാര്യ ബസ് ഓൾ ഇന്ത്യ പെർമിറ്റിന്റെ പേരിൽ സ്റ്റേറ്റ് കാര്യേജായി സർവീസ് നടത്തിയത് എംവിഡി തടഞ്ഞിരുന്നു. കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
English Summary:Tourist permit vehicles cannot be converted into stage carriage: HC
You may also like this video