Site iconSite icon Janayugom Online

രാജമലയില്‍ വീണ്ടും സഞ്ചാരികളുടെ ആരവം

രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം രാജമലയിൽ വീണ്ടും സ‍ഞ്ചാരികളുടെ ആരവം. വരയാടുകളുടെ പ്രജനനകാലത്തെ തുടർന്ന് ഫെബ്രുവരി ഒന്നു മുതൽ രണ്ടു മാസമായി ഇരവികുളം ദേശീയോദ്യാനം അടച്ചിട്ടിരിക്കുകയായിരുന്നു. വെളളിയാഴ്ച മുതലാണ് ഇവിടെ പ്രവേശനം ആരംഭിച്ചത്. പൂർണമായി ഓൺലൈൻ ബുക്കിംഗ് വഴിയാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ഹോട്ടൽ മുറികളിൽ താമസിക്കുന്നവർക്ക് അതാതു ഹോട്ടലുകളിൽ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് ടിക്കറ്റുകൾ ബുക്കു ചെയ്യാം. ബുക്കിംഗ് നടത്തുമ്പോൾ ലഭിക്കുന്ന സമയത്ത് അഞ്ചാംമൈലിലെത്തിയാണ് പ്രവേശനം നേടേണ്ടത്. 

വരയാടുകളെ സന്ദർശിക്കാനെത്തുന്നവർക്ക് സഞ്ചരിക്കുന്നതിനായി ബഗ്ഗി കാറുകളുമുണ്ട്. വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് രാജമലയിൽ ബസിറങ്ങിയ ശേഷം വരയാടുകളെ കാണുന്നതിനായി ഒന്നര കിലോ മീറ്റർ ദൂരം ബഗ്ഗി കാറിൽ യാത്ര ചെയ്യാം. ബാറ്ററിയിൽ പ്രവർത്തിക്കുന്നതാണ് അഞ്ചുപേർക്ക് സഞ്ചരിക്കാവുന്ന ബഗ്ഗി കാർ. ഒരു ട്രിപ്പിന് 500 രൂപയാണ് നിരക്ക്. ഇരവികുളം എക്കോ ഡെവലപ്മെന്റ് കമ്മിറ്റിയ്ക്കാണ് ബഗ്ഗികാറിന്റെ മേൽനോട്ടം. തിരക്ക് വർധിക്കുന്നതോടെ കൂടുതൽ ബഗ്ഗി കാറുകൾ എത്തിക്കുമെന്ന് വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ് പറഞ്ഞു. 

അതേസമയം ഇരവികുളത്ത് ഈ സീസണിൽ 100 നും 120 നും ഇടയിൽ കുഞ്ഞുങ്ങൾ പിറന്നതായാണ് നിഗമനം. പ്രജനനകാലം അവസാനിച്ചതോടെ ഇത്തവണത്തെ വരയാടുകളുടെ കണക്കെടുപ്പ് ഏപ്രിൽ 20 മുതൽ 25 വരെ നടത്തുമെന്ന് അസി. വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേര്യം പറമ്പിൽ അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും വിവിധ എൻ ജിഒകളുടെയും സഹകരണത്തോടെയാണ് കണക്കെടുപ്പ് നടത്തുക. 

Eng­lish Summary:Tourist places in and around Rajamalai
You may also like this video

Exit mobile version