ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിലെ കെന്ദ്വാഡിഹ് മേഖലയിലുണ്ടായ വിഷവാതക ചോർച്ചയെ തുടർന്ന് രണ്ട് സ്ത്രീകൾ മരിക്കുകയും ഡസനിലധികം ആളുകൾ ആശുപത്രിയിലാവുകയും ചെയ്തു. ബുധനാഴ്ച വൈകുന്നേരം പ്രിയങ്കാ ദേവിയും വ്യാഴാഴ്ച രാവിലെ ലളിതാ ദേവിയുമാണ് മരിച്ചത്. വിഷവാതകത്തിൻ്റെ സാന്നിധ്യമാണ് മരണകാരണമെന്ന് നാട്ടുകാർ ആരോപിക്കുമ്പോഴും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ എന്ന് അധികൃതർ വ്യക്തമാക്കി. മരണപ്പെട്ട സ്ത്രീകളിൽ ഒരാൾക്ക് വായിൽ നിന്ന് നുരയും പതയും വന്നിരുന്നുവെന്നും, വാതകബാധ മൂലമുള്ള ശ്വാസം മുട്ടലാണ് മരണകാരണമെന്ന് ഡോക്ടർമാർ സംശയം പ്രകടിപ്പിച്ചതായും പ്രാദേശിക താമസക്കാരനായ പ്രദീപ് കുമാർ താക്കൂർ പറഞ്ഞു. ഇതുവരെ 15 മുതൽ 20 വരെ ആളുകൾക്ക് അസുഖം ബാധിച്ചിട്ടുണ്ട്.
സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡിൻ്റെ (ബിസിസിഎൽ) കൽക്കരി ഖനന മേഖലയുടെ ഭാഗമാണ് വിഷവാതക ചോർച്ചയുണ്ടായ പ്രദേശം. രാജ്പുത് ബസ്തി, മസ്ജിദ് മൊഹല്ല, ഓഫീസർ കോളനി ഉൾപ്പെടെ ഏകദേശം 10,000ത്തോളം ആളുകൾ താമസിക്കുന്ന മേഖലയിൽ വാതക ചോർച്ചയുടെ ഫലം അനുഭവപ്പെടുന്നുണ്ട്. കെന്ദ്വാഡിഹ് ബസ്തിയിലെ നൂറുകണക്കിന് ആളുകളെ ഒഴിപ്പിക്കാൻ ബിസിസിഎൽ നടപടി തുടങ്ങി. പുനരധിവാസം ആവശ്യപ്പെട്ട് വ്യാഴാഴ്ച രാവിലെ നാട്ടുകാർ ധൻബാദ്-റാഞ്ചി ഹൈവേ ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ഏകദേശം നാല് മണിക്കൂറോളം നീണ്ട ഉപരോധം, അധികൃതരുമായുള്ള ചർച്ചകൾക്ക് ശേഷമാണ് അവസാനിച്ചത്. വർഷങ്ങളായി നോട്ടീസ് നൽകുകയല്ലാതെ ബദൽ താമസസൗകര്യം അധികൃതർ നൽകിയില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി. പല പ്രദേശങ്ങളും സുരക്ഷിതമല്ലാത്തതായി പ്രഖ്യാപിച്ചിട്ടും അനുയോജ്യമായ ഭവന ഓപ്ഷനുകൾ നൽകുന്നതിൽ ബിസിസിഎൽ പരാജയപ്പെട്ടുവെന്ന് മുൻ ധൻബാദ് മേയർ ചന്ദ്രശേഖർ അഗർവാളും വിമർശിച്ചു. വിഷവാതകം കാരണം രണ്ട് പേർ മരിച്ചതായി കെന്ദ്വാഡിഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് പ്രമോദ് പാണ്ഡെ സ്ഥിരീകരിച്ചു. വാതക ചോർച്ച തടയാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ സ്ഥിതിഗതികൾ വ്യക്തമാകൂ എന്നും പുത്കി സർക്കിൾ ഓഫീസർ ആനന്ദ് കുമാർ പറഞ്ഞു. മുഴുവൻ പ്രദേശവാസികളെയും ഒഴിപ്പിച്ചാൽ മാത്രമേ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നും ബിസിസിഎൽ ജനറൽ മാനേജർ ജി സാഹ വ്യക്തമാക്കി.

