യഷിന്റെ 40-ാം ജന്മദിനത്തിൽ പുറത്തിറങ്ങിയ ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്‌സ്’ ടീസർ തരംഗമാകുന്നു. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ കണ്ട് അമ്പരപ്പ് രേഖപ്പെടുത്തി സംവിധായകൻ രാം ഗോപാൽ വർമ്മ രംഗത്തെത്തി. “ടോക്സിക് ടീസർ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി, സ്ത്രീ ശാക്തീകരണത്തിന്റെ പരമമായ പ്രതീകമാണ് ഗീതു മോഹൻദാസ്. ഈ വുമൺ ഡയറക്ടറുടെ ഏഴയലത്ത് എത്താൻ ഒരു മെയിൽ ഡയറക്ടർക്കും കഴിയില്ല. ഗീതു തന്നെയാണ് ഇത് ഷൂട്ട് ചെയ്തതെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല,” ആർ ജി വി എക്സിൽ കുറിച്ചു.
ഒരു സെമിത്തേരിയിലെ ശവസംസ്‌കാര ചടങ്ങിൽ തുടങ്ങി വയലൻസിന്റെയും മാസ്സ് ആക്ഷന്റെയും അകമ്പടിയോടെയാണ് ടീസർ മുന്നേറുന്നത്. “ഡാഡി ഈസ് ഹോം” എന്ന യഷിന്റെ പഞ്ച് ഡയലോഗും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിലേക്ക് മൊഴിമാറ്റി റിലീസ് ചെയ്യും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, താരാ സുതാരിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്.

