Site iconSite icon Janayugom Online

ഇന്ന് ട്രാക്കുണരും

സംസ്ഥാന സ്കൂള്‍ കായിക മേള നാലാം ദിനത്തിലേക്ക്‌ കടന്നപ്പോൾ തിരുവനന്തപുരം ജില്ല ബഹുദൂരം മുന്നിലെത്തി. ഗെയിംസ് ഇനങ്ങളില്‍ സര്‍വ്വാധിപത്യം പുലര്‍ത്തി മുന്നോട്ട് കുതിക്കുന്ന തിരുവനന്തപുരം നീന്തല്‍ക്കുളത്തിലും സ്വര്‍ണവേട്ട തുടരുകയാണ്. ആകെ 529 ഗെയിംസ് ഇനങ്ങളുള്ളതില്‍ 348 എണ്ണം പൂര്‍ത്തിയായപ്പോള്‍ 91 സ്വര്‍ണമുള്‍പ്പെടെ 853 പോയിന്റാണ് തിരുവനന്തപുരം നേടിയത്‌. 76 വെള്ളിയും 79 വെങ്കലവും തലസ്ഥാനത്തിന്റെ മെഡല്‍ ശേഖരത്തിലെത്തിയിട്ടുണ്ട്.

നീന്തല്‍ക്കുളത്തില്‍ മേധാവിത്വം ഇന്നലെയും ആവര്‍ത്തിച്ച തിരുവനന്തപുരം 353 പോയിന്റാണ് ആകെ നീന്തി നേടിയിരിക്കുന്നത്. അതില്‍ തന്നെ 41 സ്വര്‍ണവും 29 വെള്ളിയും 33 വെങ്കലവുമുണ്ട്. തിരുവനന്തപുരത്തിന് പിന്നില്‍ പോയിന്റ് പട്ടികയിലുള്ളത് കണ്ണൂര്‍ ജില്ലയാണ്. രണ്ട് ദിവസമായി രണ്ടാം സ്ഥാനത്ത് തുടര്‍ന്ന തൃശൂരിനെ പിന്നിലേയ്ക്ക് തള്ളിയാണ് കണ്ണൂര്‍ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുന്നത്. 49 സ്വര്‍ണവും 37 വെള്ളിയും 51 വെങ്കലവുമായി 469 പോയിന്റാണ് കണ്ണൂര്‍ നേടിയിരിക്കുന്നത്. തൊട്ടുപിന്നില്‍ നില്‍ക്കുന്ന തൃശൂരിന് 449 പോയിന്റാണുള്ളത്. 49 സ്വര്‍ണം നേടിയ തൃശൂര്‍ 30 വെള്ളിയും 50 വെങ്കലവും അക്കൗണ്ടിലാക്കി.

സബ് ജൂനിയര്‍ ബോയ്‌സ് വിഭാഗത്തില്‍ ബ്രെസ്റ്റ് സ്‌ട്രോക്കില്‍ ഗവ. എച്ച്എസ്എസ് കളമശേരിയിലെ പി പി അഭിജിത്ത് ആണ് ഇന്നലെ ആദ്യ റെക്കോഡ് കുറിച്ചത്. ജൂനിയര്‍ ബോയ്‌സ് ഫ്രീ സ്റ്റൈലില്‍ തിരുവനന്തപുരത്തിന്റെ മോന്‍ഗാം തീര്‍ത്ഥു സാംദേവും ജൂനിയര്‍ ഗേള്‍സ് 200 മീറ്ററില്‍ തിരുവനന്തപുരത്തിന്റെ ആര്‍ വിദ്യാലക്ഷ്മിയും മേളയുടെ രണ്ടാം ദിനം സ്വന്തം പേരിലെഴുതിയാണ് മടങ്ങിയത്. സീനിയര്‍ ബോയ്‌സ്-200 മീറ്റര്‍ ഫ്രീ സ്റ്റൈലില്‍ തിരുവനന്തപുരം തുണ്ടത്തില്‍ എംവിഎച്ച്എസ്എസിന്റെ ഗൊട്ടേറ്റി സാംപഥ് കുമാര്‍ യാദവ്, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ എസ് അഭിനവ്, സീനിയര്‍ ഗേള്‍സ് 200 മീറ്ററില്‍ നാദിയ ആസിഫ്, എം ആര്‍ അഖില എന്നിവരാണ് നീന്തല്‍ക്കുളത്തില്‍ റെക്കോഡ്‌ നേട്ടം കൊയ്തവര്‍.

അത്‌ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് മൂന്നാം ദിനമായ ഇന്ന് തുടക്കമാകും. കഴിഞ്ഞ വര്‍ഷം തൃശൂര്‍ കുന്ദംകുളത്ത് നടന്ന കായികമേളയില്‍ അത്‌ലറ്റിക്‌സ് കിരീടം സ്വന്തമാക്കിയ പാലക്കാട് ഇക്കുറിയും കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. 28 സ്വര്‍ണമാണ് കഴിഞ്ഞ വര്‍ഷം ട്രാക്കില്‍ നിന്ന് പാലക്കാടിന്റെ കുട്ടികള്‍ നേടിയത്. കുന്ദംകുളത്ത് കൈവിട്ട അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ പട്ടം എറണാകുളത്ത് തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മലപ്പുറവും ഇറങ്ങുന്നു.

Exit mobile version