Site iconSite icon Janayugom Online

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ്; കേന്ദ്രസര്‍ക്കാരിനെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച

റിപ്പബ്ലിക് ദിനത്തിൽ രാജ്യത്തെ 500 ഓളം ജില്ലകളിൽ ട്രാക്ടർ പരേഡ് നടത്തുമെന്ന് കര്‍ഷക സംഘടനയായ സംയുക്ത കിസാൻ മോർച്ച (എസ്‌കെഎം). ഇതിനായി എല്ലാ കര്‍ഷകരോടും പരേഡില്‍ പങ്കെടുക്കാന്‍ സംഘടന ആവശ്യപ്പെട്ടിട്ടു. പരേഡിൽ പങ്കെടുക്കുന്ന കർഷകർ സംഘടനകളുടെ പതാകകൾക്കൊപ്പം ദേശീയ പതാക ഉയർത്തും. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, ഫെഡറലിസം, മതേതരത്വം, സോഷ്യലിസം എന്നീ തത്വങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കും. ട്രാക്ടറുകൾക്കൊപ്പം മറ്റ് വാഹനങ്ങളും മോട്ടോർ സൈക്കിളുകളും പരേഡിൽ പങ്കെടുപ്പിക്കുമെന്നും സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

20 സംസ്ഥാനങ്ങളിലെ എസ്‌കെഎം യൂണിറ്റുകൾ ജനുവരി 10 മുതൽ 20 വരെ രാജ്യത്തുടനീളം ജനജാഗരൺ പരിപാടിയെ കുറിച്ചുള്ള ക്യാമ്പയിൻ ആരംഭിക്കും. കേന്ദ്രസർക്കാരിന്റെ കോർപറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾ തുറന്നുകാട്ടുകയാണ് ജനകീയ ക്യാമ്പയിന്റെ ലക്ഷ്യമെന്നും കാര്‍ഷികാവശ്യ സാധനങ്ങളും, ഇളവുകളും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും എസ്‌കെഎം നേതൃത്വം അറിയിച്ചു.
ആവശ്യങ്ങള്‍ കേന്ദ്രസർക്കാർ അംഗീകരിക്കുന്നതുവരെ സമരം ശക്തമാക്കുമെന്നും പ്രസ്താവനയിൽ പറഞ്ഞു. 2021ലെ റിപ്പബ്ലിക് ദിനത്തിൽ കേന്ദ്രത്തിന്റെ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർഷക യൂണിയനുകൾ നടത്തിയ റാലിയിൽ ആയിരക്കണക്കിന് കർഷകർ പങ്കെടുത്തിരുന്നു.

Eng­lish Summary;Tractor Parade on Repub­lic Day; Joint Kisan Mor­cha against Cen­tral Govt
You may also like this video

Exit mobile version