വർധിച്ചു വരുന്ന വാഹനപ്പെരുപ്പം ചുരം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ദേശിയ പാതയാണ് താമരശ്ശേരി ചുരം. വാഹനപ്പെരുപ്പത്തിനനുസരിച്ച് റോഡ് വികസനം സാധ്യമാക്കിയില്ലെങ്കിൽ ചുരം യാത്രക്കാർക്ക് നിത്യദുരിതമായി മാറും. അഞ്ചു വർഷങ്ങൾക്ക് മുമ്പ് ആറ് ചക്ര വാഹനങ്ങളായിരുന്നു ചുരംവഴി കടന്നുപോയിരുന്നുവെങ്കിൽ ഇപ്പോൾ 14–16 ചക്ര വാഹനങ്ങളാണ് ചുരം കയറിപ്പോവുന്നത്. ഇത് ചുരം ഗതാഗതത്തെ സാരമായി ബാധിക്കുന്നു. കരിങ്കല്ലടക്കമുള്ള ക്വാറി ഉൽപ്പന്നങ്ങളും മറ്റും അമ്പത് മുതൽ അറുപത് ടൺവരെ ഭാരം കയറ്റി പതിനാല് പതിനാറ് ചക്ര ചരക്കുലോറികളാണ് ചുരം വഴി സഞ്ചരിക്കുന്നത്.
വീതി കുറഞ്ഞ വളവുകളിൽ ഇത്തരം വാഹനങ്ങൾ കടന്നുപോവാൻ ഏറെ പ്രയാസപ്പെടുന്നുണ്ട്. വളവിൽ വലിയ വാഹനങ്ങൾ പിറകോട്ട് എടുത്തു മുമ്പോട്ട് എടുക്കുമ്പോഴേക്കും സമയം ഏറെ പിടിക്കും. ഇതുമൂലം ഈ സമയങ്ങളിൽ ഇരു ഭാഗങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളുടെ നിര വലിയ ഗതാഗതക്കുരുക്കിന് കാരണമാവുകയും അത്യാസന്ന രോഗികളുമായി വരുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുകയും ചെയ്യുന്നു. ചുരത്തിൽ അടിക്കടി ഉണ്ടാവുന്ന വാഹന അപകടങ്ങളും ചുരം യാത്രക്കാരെ പ്രയാസത്തിലാക്കുന്നു.
ദീർഘദൂര യാത്രക്കാരുടെയും വിദ്യാർഥികളുടെയും വിലപ്പെട്ട സമയമാണ് ഇതുമൂലം നഷ്ടപ്പെടുന്നത്. ചുരത്തിലെ വീതി കുറഞ്ഞ വളവുകൾ വീതി കൂട്ടാനുള്ള നടപടി ഇപ്പോഴും കടലാസിലൊതുങ്ങി നിൽക്കുകയാണ്. ചുരം നവീകരണം ഘട്ടങ്ങളായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി 3, 5 വളവുകൾ വീതികൂട്ടി നവീകരിച്ചെങ്കിലും 6,7,8 വളവുകൾ പഴയ നിലയിൽതന്നെയാണ്. വീതി കൂട്ടുന്നതിന് ആവശ്യമായ സ്ഥലം വനംവകുപ്പിൽ നിന്നും ദേശീയപാത അതോറിറ്റിക്ക് കൈമാറിയിട്ട് നാലു വർഷത്തോളമായി. ഇപ്പോൾ തടസ്സമായി നിൽക്കുന്നത് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. കോഴിക്കോട് ജില്ലാ കലക്ടറായിരുന്ന യു വി ജോസിന്റെ നേതൃത്വത്തിൽ ദേശീയപാത ഉദ്യോഗസ്ഥരുടെ വലിയ പരിശ്രമത്തിന്റെ ഫലമായാണ് വനം പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നും ആവശ്യമായ സ്ഥലം വിട്ടു കിട്ടിയത്. ഏകദേശം അറുപത് കോടിയോളം രൂപ 6,7,8 വളവുകളുടെ നവീകരണത്തിന് വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. എത്രയുംവേഗം ചുരം നവീകരണ പ്രവൃത്തികൾ തുടരുന്നതിനായി കോഴിക്കോട്, വയനാട് ജില്ലാ കലക്ടർമാരും ബന്ധപ്പെട്ടവരും പദ്ധതി പൂർത്തീകരണത്തിനായി ശ്രമിക്കണമെന്നാണ് ചുരം യാത്രക്കാരുടെ ആവശ്യം.
English Summary: Traffic congestion at Thamarassery pass
You may like this video also