ദേശീയപാത 544ലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച (ജൂലൈ 7) പാലിയേക്കര ടോൾപ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് തലോർ സർവീസ് സഹകരണ ബാങ്ക് പരിസരത്തുനിന്ന് ആരംഭിക്കുന്ന മാർച്ച് ടോൾപ്ലാസ പരിസരത്ത് സമാപിക്കും.
ദേശീയപാതയിൽ കല്ലിടുക്ക്, മൂടിക്കോട്, ആമ്പല്ലൂർ, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിൽ നടക്കുന്ന മേൽപ്പാല–-അടിപ്പാത നിർമ്മാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്ന് എൽ ഡി എഫ് ആരോപിക്കുന്നു. നാമമാത്രമായ തൊഴിലാളികളെ ഉപയോഗിച്ചാണ് പ്രവൃത്തി നടക്കുന്നത്. കൂടാതെ കാലവർഷം ആരംഭിച്ചത് മുതൽ ദേശീയപാതയിൽ വലിയ കുഴികളുണ്ടായി. നിർമ്മാണ സ്ഥലങ്ങളിലെ സബ്‌വേകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെടുകയും റോഡുകൾ തകരുകയും ചെയ്തു. ഇതുമൂലം മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് ഉണ്ടാകുന്നത്. ദേശീയപാതയിലെ കുഴികളിലെ അറ്റകുറ്റപ്പണികൾ ഉടനടി പൂർത്തിയാക്കണം, നിർമ്മാണ പ്രവർത്തനങ്ങളിലെ മെല്ലെപ്പോക്ക് അവസാനിപ്പിക്കണം, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ദേശീയപാത അതോറിറ്റി നടപടികൾ സ്വീകരിക്കണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

