Site icon Janayugom Online

ഗതാഗത നിയമലംഘനം; പിഴത്തുക വർധിപ്പിച്ചിട്ടും മരണത്തിന് കുറവില്ല

ട്രാഫിക് നിയമ ലംഘനത്തിന് പിഴ ഈടാക്കുന്നതു കൊണ്ട് അപകടങ്ങളോ മരണനിരക്കോ കുറയ്ക്കാനാകുന്നില്ലെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇ‑ചെലാൻ വഴി വിവിധ സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പ് അധികൃതർ ഈടാക്കുന്ന പിഴയിൽ കഴിഞ്ഞ മൂന്നര വർഷത്തിനിടയിൽ 450 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ വാഹനാപകടങ്ങളിലൂടെയുള്ള മരണനിരക്ക് മൂന്നു ശതമാനം മാത്രമാണ് കുറഞ്ഞിട്ടുള്ളത്. കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് നിയമ ലംഘനങ്ങൾക്കുള്ള പിഴത്തുകയിൽ വർധനവ് വരുത്തിയത് 2019 സെപ്റ്റംബറിലാണ്.

അന്നുമുതൽ 2023 ഫെബ്രുവരി വരെ ഇ- ചെലാൻ വഴി ഈടാക്കിയിട്ടുള്ളത് 7870 കോടി രൂപയാണെന്ന് ലോക്‌സഭയിൽ റോഡ് ഗതാഗത മന്ത്രാലയം സമർപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിൽ 2019 സെപ്റ്റംബറിനു ശേഷം 603 കോടി രൂപ പിഴ ഇനത്തിൽ ഈടാക്കിയപ്പോൾ അതിന് മുമ്പുള്ള മൂന്ന് വർഷം ലഭിച്ചത് 11 കോടി രൂപ മാത്രം. 2016–19 കാലയളവിൽ രാജ്യത്ത് പ്രതിമാസം 12,500 പേർ റോഡപകടങ്ങളിൽ പെട്ട് മരിച്ചിരുന്നു. 2019–2023 കാലയളവിലാകട്ടെ 12,138 മരണമാണ് പ്രതിമാസം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കോവിഡിനെ തുടർന്ന് ഒരു വർഷത്തോളം രാജ്യത്ത് ലോക്ഡൗൺ പ്രാബല്യത്തിലുണ്ടായിരുന്നു എന്നത് കൂടി കണക്കിലെടുക്കേണ്ടതുണ്ട്. 

2016 ഓഗസ്റ്റ് മുതൽ 2019 ഓഗസ്റ്റ് വരെ 1713 കോടി രൂപയാണ് പിഴത്തുകയായി ഈടാക്കിയത്. ഇക്കാലയളവിൽ റോഡപകടങ്ങളിൽ മരിച്ചവരുടെ എണ്ണം ആറ് ലക്ഷമായിരുന്നു. 2022ലെ കണക്ക് ലഭ്യമല്ലാതിരുന്നിട്ടു കൂടി 2019–23 വർഷങ്ങളിൽ 4.37 ലക്ഷം പേർ അപകടത്തിനിരയായി. ഇക്കാലയളവിൽ പിഴയായി ഈടാക്കിയതാകട്ടെ 7870 കോടി രൂപയും.
റോഡ് നിയമങ്ങൾ ശാസ്ത്രീയമായി നടപ്പാക്കാതെയും ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകാതെയും ഫൈൻ ഈടാക്കി മാത്രം റോഡപകട നിരക്ക് കുറയ്ക്കാനാകില്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. 

Eng­lish Sum­ma­ry: traf­fic vio­la­tion; Despite the increase in fines, deaths also increases

You may also like this video

Exit mobile version