കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവന്ന കേസിലെ പ്രതികൾക്ക് ആറ് വർഷം കഠിന തടവിനും 25000 രൂപ പിഴയും പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി കഠിന തടവിനും തൊടുപുഴ എൻഡിപിഎസ് സ്പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ എൻ ശിക്ഷ വിധിച്ചു. കത്തിക്കുഴി വട്ടാൻപാറ പെരുങ്കുന്നത്ത് ബിനുകുമാർ (53) ചുരുളിപ്പതാൽ മൂഴയിൽ വീട്ടിൽ ജോയ്(48) എന്നിവർക്കാണ് ശിക്ഷ വിധിച്ചത്. 2019 നവംബർ മാസം 18നാണ് കേസിനാസ്പദമായ സംഭവം. കഞ്ഞിക്കുഴി ടൗണിൽ നിന്നും വാകച്ചോട് വഴി മഴുവടി ദേവീ ക്ഷേത്രത്തിലേയ്ക്ക് പോകുന്ന റോഡിൽ പ്രതികൾ 7 കിലോ ഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തികൊണ്ടുവരുമ്പോൾ എക്സൈസ് സംഘം പിടി കൂടി. ഇടുക്കി എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന റ്റി എൻ സുധീറും പാർട്ടിയും ചേർന്നാണ് ഇവരെ പിടി കൂടിയത്. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ആയിരുന്ന റ്റി എ അശോക് കുമാറാണ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.
കഞ്ചാവ് കടത്ത്; പ്രതികൾക്ക് കഠിനതടവും പിഴയും
