Site icon Janayugom Online

ജീവൻ പൊലിയുന്ന റെയിൽപ്പാളങ്ങൾ

സംസ്ഥാനത്ത് റെയിൽപ്പാളങ്ങളിൽ ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. 2022ൽ പാലക്കാട് ഡിവിഷൻ പരിധിയിൽ മാത്രം 450 അപകടങ്ങളാണ് ഉണ്ടായത്. 321 പേർ മരിച്ചു. 139 പേർക്ക് പരിക്കേറ്റു. 2021ൽ 261 അപകടങ്ങളില്‍ 207 പേർ മരിച്ചു, 51 പേർക്ക് പരിക്കേറ്റു. ഇതിൽ ആത്മഹത്യകളും ഉൾപ്പെടുമെങ്കിലും അശ്രദ്ധയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് റെയിൽവേ അധികൃതർ പറയുന്നു.

ഓടുന്ന ട്രെയിനിൽ കയറാനോ ഇറങ്ങാനോ ശ്രമിക്കുന്നതിനിടെയും പാളം മുറിച്ചുകടക്കുമ്പോഴുമുള്ള അപകടങ്ങളിലാണ് കൂടുതൽ പേര്‍ മരിച്ചത്. കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ ട്രെയിനിടിച്ച് രണ്ടു പേർ മരിച്ചിരുന്നു. സ്റ്റേഷനുകളിൽ വണ്ടി നിർത്തിയാൽ മറുവശത്തേക്ക് പാളങ്ങൾ മുറിച്ചു കടക്കുമ്പോൾ എതിരെ വരുന്ന ട്രെയിൻ ഇടിക്കുന്നതും ഓടുന്ന ട്രെയിനിൽ നിന്ന് ഇറങ്ങുന്നതും ചാടിക്കയറുന്നതും പാളത്തിലിരുന്ന് മദ്യപിക്കുന്നതും സെൽഫി എടുക്കലും എല്ലാം അപകടം വിളിച്ചു വരുത്തുന്നു. വാഷ്ബേസിന് അടുത്ത് പിടിക്കാതെ നിൽക്കുമ്പോള്‍ പുറത്തേക്ക് തെറിച്ചു വീഴുന്നതും കാരണമാകാറുണ്ട്. മുമ്പ് ട്രെയിൻ എൻജിനുകൾക്ക് വലിയ ശബ്ദം ഉണ്ടായിരുന്നതിനാൽ ശബ്ദം കേട്ട് ആളുകൾ പാളത്തിൽ നിന്ന് ഓടിമാറിയിരുന്നു. ഇലക്ട്രിക് എൻജിനുകൾക്ക് ശബ്ദം കുറവായത് അപകടം കൂട്ടുന്നു.

പാളത്തിൽ അതിക്രമിച്ച് കടക്കുന്നത് ആറു മാസം വരെ തടവും 1000 രൂപ പിഴയും ലഭിക്കുന്ന കുറ്റമാണെങ്കിലും മാനുഷിക പരിഗണനയുടെ പേരിൽ റെയിൽവേ ഇതിനു നേരെ കണ്ണടയ്ക്കുകയാണ് പതിവ്, പാളത്തിൽ അതിക്രമിച്ചു കയറിയതിന്റെ പേരിൽ 2022ൽ 2261 കേസുകളാണ് രജിസ്റ്റർ ചെയ്തത്. വാതിലിലെ പടികളിൽ ഇരുന്നോ നിന്നോ യാത്ര ചെയ്യുന്നത് പിടി കൂടിയാൽ ആറു മാസം വരെ തടവും 500 മുതൽ 1000 വരെ പിഴയും കിട്ടാവുന്ന ശിക്ഷയാണ്. പാളം മുറിച്ചു കടന്നാലും ശിക്ഷ ഇതു തന്നെ. പാളത്തിലിരുന്ന് മദ്യപിച്ചാൽ 2000 വരെയാണ് പിഴ. കേസുകളുടെ എണ്ണം നാൾക്കുനാൾ കൂടുമ്പോഴും അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ നടപടികൾ കർശനമാക്കാതെ അധികൃധർ മൗനം തുടരുകയാണ്.

Exit mobile version