ചൈനയിലെ യുനാൻ പ്രവിശ്യയിൽ ട്രെയിൻ പാളത്തിൽ ജോലി ചെയ്യുകയായിരുന്ന ജീവനക്കാരെ ട്രെയിൻ ഇടിച്ച് 11 പേർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ചൈനയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിച്ച ട്രെയിൻ അപകടമാണിത്. കുൻമിങ് നഗരത്തിലെ ലൂയാങ് ടൗൺ റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്. ഭൂകമ്പമുണ്ടായാൽ ആഘാതം എത്രത്തോളമായിരിക്കുമെന്ന് പരിശോധിക്കുന്നതിനായി ഓടുകയായിരുന്ന ട്രെയിനാണ് പാളത്തിൽ ജോലി ചെയ്തിരുന്ന ജീവനക്കാരുടെ സംഘത്തെ ഇടിച്ചത്. ഒരു വളവിൽ വെച്ചാണ് അപകടം നടന്നതെന്നാണ് വിവരം. അപകടത്തിന് കാരണം ഉദ്യോഗസ്ഥ വീഴ്ചയാണോ സാങ്കേതിക തകരാറാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. അധികൃതർ അന്വേഷണം ആരംഭിച്ചു.
ചൈനയിൽ ട്രെയിൻ അപകടം; 11 റെയിൽവേ ജീവനക്കാർ മരിച്ചു

