Site iconSite icon Janayugom Online

ആന്ധ്രാപ്രദേശില്‍ ട്രെയിനിന് തീപിടിച്ചു; ഒരാള്‍ മരിച്ചു

ടാറ്റാ നഗർ — എറണാകുളം എക്സ്പ്രസ് ട്രെയിനില്‍ തീപിടുത്തം. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. കോച്ചുകളിൽ ഉണ്ടായിരുന്ന 158 യാത്രക്കാരെ രക്ഷപ്പെടുത്തി. വിജയവാഡ സ്വദേശി ചന്ദ്രശേഖര്‍ സുന്ദരമാണ് മരിച്ചത്. വിശാഖപട്ടണത്തുനിന്ന് 66 കിലോമീറ്റർ അകലെയുള്ള ട്രെയിൻ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. പുലർച്ചെയാണ് സംഭവം. 

തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ഉടൻ തന്നെ ട്രെയിൻ നിർത്തിയതിനാല്‍ വൻ അപകടമാണ് ഒഴിവായത്. അഗ്നിശമന സേന എത്തുന്നതിനുമുമ്പ് രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തുമെന്ന് റെയിൽവെ അറിയിച്ചു. കത്തിനശിച്ച കോച്ചുകൾ നീക്കം ചെയ്ത ശേഷം ടാറ്റാനഗർ — എറണാകുളം എക്സ്പ്രസ് യാത്ര പുനരാരംഭിക്കുകയായിരുന്നു. 

Exit mobile version