ബംഗ്ലാദേശില്‍ രാഷ്ട്രീയ പ്രതിഷേധങ്ങള്‍ രൂക്ഷമാവുന്നതിനിടെ, അജ്ഞാതര്‍ നടത്തിയ ട്രെയിന്‍ തീവയ്പില്‍ നാലു പേര്‍ മരിച്ചു. ഒരു സ്ത്രീയും ചെറിയ കുട്ടിയുമുള്‍പ്പെടെയാണ് കൊല്ലപ്പെട്ടത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ജനുവരി ഏഴിന് നടന്ന തെരഞ്ഞെടുപ്പിനെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് ട്രെയിനിന് തീയിട്ടത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഷെഡ്യൂളിനുമെതിരെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാനിരിക്കെയാണ് ആക്രമണം. കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന അഞ്ചാമത്തെ ആക്രമണമാണിത്.
തലസ്ഥാനത്തിന്റെ പ്രവേശന കവാടമായ എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് തൊട്ടുപിന്നാലെ ധാക്കയിലേക്കുള്ള അന്തര്‍ ജില്ലാ മോഹന്‍ഗഞ്ച് എക്സ്പ്രസിന്റെ മൂന്ന് കമ്പാര്‍ട്ടുമെന്റുകള്‍ക്ക് അക്രമികള്‍ തീയിട്ടതായി പൊലീസ് പറഞ്ഞു.
എയര്‍പോര്‍ട്ട് സ്‌റ്റേഷനില്‍ നിന്ന് ട്രെയിന്‍ പുറപ്പെട്ടതിന് ശേഷമാണ് യാത്രക്കാര്‍ തീ കണ്ടത്. തേജ്ഗാവ് സ്‌റ്റേഷനിലെ അടുത്ത സ്‌റ്റോപ്പില്‍ നിര്‍ത്തി തീ അണയ്ക്കുകയായിരുന്നുവെന്ന് തേജ്ഗാവ് പൊലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലയളവില്‍ കാവല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ബിഎന്‍പി ആവശ്യമുന്നയിച്ചിരുന്നു. കാവല്‍ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തള്ളിയതോടെയാണ് ബിഎന്‍പി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരണ നടപടികള്‍ പ്രഖ്യാപിച്ചത്.
English Summary; Train set on fire in Bangladesh; Four deaths
You may also like this video