തിരുവനന്തപുരം: മക്കളെ ഉപദ്രവിക്കുന്നുവെന്ന സ്ത്രീയുടെ പരാതിയില്‍ അലംഭാവം കാട്ടിയത് അന്വേഷിക്കാന്‍ വിളിച്ച മന്ത്രിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ നടപടി. വട്ടപ്പാറ എസ്എച്ച്ഒ ഗിരിലാലിനെയാണ് സ്ഥലംമാറ്റിയത്. മണ്ഡലത്തിലെ ഒരു സ്ത്രീയുടെ ഗൗരവമുള്ള പരാതിയില്‍ പൊലീസ് നടപടിയെടുത്തില്ലെന്നത് ശ്രദ്ധയില്‍ പെട്ടപ്പോഴാണ് ഭക്ഷ്യ മന്ത്രി ജി ആര്‍ അനില്‍ പൊലീസ് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിച്ചത്. വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കി മന്ത്രി സംസാരിച്ചു തുടങ്ങിയപ്പോള്‍തന്നെ പരുഷമായാണ് ഗിരിലാലിന്റെ പ്രതികരണമുണ്ടായത്. ‘ന്യായം നോക്കി ചെയ്യാം’ എന്നതായിരുന്നു മന്ത്രിയോട് ഉദ്യോഗസ്ഥന്റെ മറുപടി. പത്തും പതിനൊന്നും വയസുള്ള ആണ്‍മക്കളെ നിരന്തരമായി തന്റെ രണ്ടാം ഭര്‍ത്താവ് ദേഹോപദ്രവമേല്‍പ്പിക്കുന്നുവെന്നാണ് അധ്യാപികയായ സ്ത്രീയുടെ പരാതി. സ്കൂളിലെത്തി മകന്റെ കാല്‍ ചവിട്ടിയൊടിക്കുകയുള്‍പ്പെടെ ചെയ്തു. ശാരീരികമായി ഉപദ്രവിച്ചുവെന്ന് മക്കള്‍ തനിക്ക് വാട്സ്ആപ്പ് സന്ദേശമയക്കാറുണ്ടെന്നും പരാതിക്കാരി പറയുന്നു.
ദേഹോപദ്രവവും ഭീഷണിയും തുടര്‍ന്നതിനാല്‍ സഹികെട്ട് വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയെങ്കിലും തണുപ്പന്‍ പ്രതികരണമാണുണ്ടായത്. കേസെടുക്കാനോ അന്വേഷണം നടത്താനോ തയാറായില്ല. പൊലീസിൽ പരാതി കൊടുത്തതിന്റെ വൈരാഗ്യം കാരണം ഭര്‍ത്താവ് കുട്ടിയെ വീണ്ടും ദേഹോപദ്രവം ചെയ്യുമോ എന്ന പേടിയിലാണ് പരാതിക്കാരി സ്ഥലം എംഎല്‍എയായ മന്ത്രിയുടെ നമ്പര്‍ തേടിപ്പിടിച്ച് വിളിക്കുന്നത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കിയ മന്ത്രി ഉടന്‍ എസ്എച്ച്ഒയെ വിളിച്ചപ്പോഴാണ് മര്യാദയില്ലാത്ത ഭാഷയില്‍ പ്രതികരണമുണ്ടായത്. ആ സ്ത്രീക്ക് എന്തെങ്കിലും സംഭവിച്ചതിനുശേഷം പറഞ്ഞിട്ട് കാര്യമില്ലെന്നതുള്‍പ്പെടെ പറഞ്ഞ് വിഷയത്തിന്റെ ഗൗരവം മനസിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും, പുച്ഛത്തോടെ മന്ത്രിയോട് തട്ടിക്കയറുകയായിരുന്നു ഉദ്യോഗസ്ഥന്‍ ചെയ്തത്. മന്ത്രിയുമായുള്ള സംഭാഷണം റെക്കോഡ് ചെയ്ത് പൊലീസുകാരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലുള്‍പ്പെടെ പങ്കുവച്ചും സ്വകാര്യ ചാനലുകള്‍ക്ക് നല്കിയും വീരപരിവേഷം ചമയുന്നതിനുള്ള ശ്രമമാണ് പിന്നീട് ഗിരിലാലിന്റെ ഭാഗത്തുനിന്നുണ്ടായത്. കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്ന സ്ത്രീയുടെ പരാതി പരിഗണിക്കാതിരിക്കുകയും പിന്നീട് ആ പരാതി ശ്രദ്ധയില്‍ പെടുത്താന്‍ വിളിച്ച ജനപ്രതിനിധിയെ അപമാനിച്ചു സംസാരിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിക്കെതിരെ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലും പൊതുസമൂഹത്തിലും ഉയര്‍ന്നുവന്നിരിക്കുന്നത്.
ചര്‍ച്ചയായതോടെ പൊലീസ് അനങ്ങി
ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെതിരായ ആയുധമായാണ് മന്ത്രി ജി ആര്‍ അനിലിന്റെ ഫോണ്‍ സംഭാഷണവുമായി ഏഷ്യാനെറ്റും മനോരമയും ഉള്‍പ്പെടെയുള്ള ചാനലുകള്‍ രംഗത്തെത്തിയെങ്കിലും, വിഷയത്തില്‍ മന്ത്രി ചെയ്തതാണ് ശരിയെന്ന് പിന്നീട് വ്യക്തമായി. ചാനലുകളുടെ ദുഷ്ടലാക്കിനെതിരെ അവയുടെ സമൂഹ മാധ്യമ പേജുകളില്‍ രൂക്ഷമായ വിമര്‍ശനങ്ങളാണുയര്‍ന്നത്. മന്ത്രി ഇടപെടുകയും സംഭവം വിവാദമാകുകയും ചെയ്തതോടെ മെല്ലെപ്പോക്കിലായിരുന്ന പൊലീസിന് അനക്കം വച്ചു. പരാതിക്കാരിയുടെ മൊഴിയെടുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളെല്ലാം ഇന്നലെ വളരെ വേഗത്തിലാണ് പിന്നീട് നടന്നത്. മന്ത്രിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ അതിഥി തൊഴിലാളികളെ ക്രൂരമായി തല്ലിച്ചതച്ചുവെന്നതുള്‍പ്പെടെ നേരത്തെയും നിരവധി പരാതികളുണ്ടായിരുന്നു. കടയ്ക്കല്‍ സിഐ ആയിരിക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോളിന്റെ പേരില്‍ ജനങ്ങളെ മര്‍ദ്ദിച്ചതിനെതിരെ പ്രദേശത്തെ സിപിഐ നേതാക്കള്‍ പ്രതികരിച്ചപ്പോള്‍ അവര്‍ക്കെതിരെ കള്ളക്കേസെടുത്ത സംഭവവുമുണ്ടായി.
English Summary:Transfer to Vattapara CI
You may also like this video