Site iconSite icon Janayugom Online

ഭിന്നലിംഗ തൊഴിൽ സംവരണം: കേന്ദ്ര സർക്കാരിനെ കക്ഷി ചേർത്ത് ഹൈക്കോടതി

ഭിന്നലിംഗ വിഭാഗത്തിന് വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ സംവരണം ആവശ്യപ്പെടുന്ന ഹർജിയിൽ കേന്ദ്ര സർക്കാരിനെ ഹൈക്കോടതി കക്ഷി ചേർത്തു. ഇത് സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാൻ ഉത്തരവിടണമെന്നാവശ്യപ്പെട്ട് യുപി-ഹൈസ്കൂൾ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിന് കാത്തിരിക്കുന്ന ഭിന്നലിംഗ ഉദ്യോഗാർത്ഥി നൽകിയ ഹർജിയിലാണ് ഉത്തരവ്. 

സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും സംസ്ഥാന സർക്കാരും പിഎസ്‌സിയും സംവരണം നടപ്പാക്കുന്നില്ലെന്നാണ് ഹർജിയിലെ ആരോപണം. എതിർ കക്ഷികളായ സംസ്ഥാന സർക്കാരിന്റെയും പിഎസ്‌സിയുടെയും വിശദീകരണവും കോടതി തേടി. 2014ലെ നാഷണൽ ലീഗൽ സർവീസസ് അതോറിട്ടിയും കേന്ദ്ര സർക്കാരും തമ്മിലെ കേസിൽ ഭിന്നലിംഗ വിഭാഗവും സ്ത്രീ, പുരുഷൻ എന്നിവ പോലെ പ്രത്യേക വിഭാഗമായി കണക്കാക്കേണ്ട സമൂഹമാണെന്നും സംവരണത്തിന് അർഹതയുണ്ടെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ഉത്തരവ് സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല.

നിലവിൽ വിദ്യാഭ്യാസ മേഖലയിൽ താല്‍ക്കാലിക ക്ലസ്റ്റർ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ് ഹർജിക്കാരി. അധ്യാപക തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള എല്ലാ യോഗ്യതയും ഉണ്ട്. എന്നാൽ, പിഎസ്‌സി വിജ്ഞാപനം പുറപ്പെടുവിക്കുന്നത് ഭിന്നലിംഗ വിഭാഗത്തിന് സീറ്റുകൾ നീക്കിവയ്ക്കാതെയാണ്. 

Eng­lish Sum­ma­ry: Trans­gen­der employ­ment reservation
You may also like this video

Exit mobile version