Site iconSite icon Janayugom Online

സേനയ്ക്ക് ഗതാഗതവിമാനം: മത്സരത്തിലേക്ക് കൂടുതല്‍ കമ്പനികള്‍

ഇന്ത്യൻ സായുധ സേനയുടെ മധ്യനിര ഗതാഗത വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള മത്സരം അമേരിക്ക, ദക്ഷിണാമേരിക്ക, യൂറോപ്യൻ വിമാന കമ്പനികള്‍ തമ്മിലാകുമെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി 40 മുതല്‍ 80 വിമാനങ്ങള്‍ വരെയാണ് നിര്‍മ്മിക്കാൻ ലക്ഷ്യമിടുന്നത്. അമേരിക്കൻ വിമാന നിര്‍മ്മാതാക്കളായ ലോക്ഹീഡ് മാര്‍ട്ടിന്റെ സി-130 ജെ, ബ്രസീലിയൻ എംബ്രയാര്‍ ഡിഫൻസ് ആന്റ് സെക്യൂരിറ്റിയുടെ സി-390 മില്ലേനിയം, എയര്‍ബസ് ഡിഫൻസ് ആന്റ് സ്പേസിന്റെ എ‑400എം എന്നിവയാണ് മത്സരരംഗത്തുള്ളത്. സാങ്കേതിക കൈമാറ്റം, തദ്ദേശീയവല്‍ക്കരണത്തിന്റെ ഭാഗമായി നിര്‍മ്മാണ ശൃംഖല വികസിപ്പിക്കല്‍ എന്നിവയാണ് ഉപാധികള്‍.

18 മുതല്‍ 30 ടണ്‍ വരെ കാര്‍ഗോ കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ടുള്ള പുതിയ ഗതാഗത വിമാനം നിര്‍മ്മിക്കാനാണ് ഇന്ത്യൻ വായു സേന ലക്ഷ്യമിടുന്നത്. ഇന്ത്യൻ ആവശ്യങ്ങള്‍ക്കുള്ള വിമാന നിര്‍മ്മാണം സംബന്ധിച്ച് പ്രാദേശിക നിര്‍മ്മാതാക്കളോട് ചര്‍ച്ചകള്‍ നടത്തിവരുന്നതായി എംബ്രയാര്‍ ഡിഫൻസ് ആന്റ് സെക്യൂരിറ്റി പ്രസിഡന്റ് ബോസ്കോ ഡാ കോസ്റ്റാ ജൂനിയര്‍ അറിയിച്ചു. കമ്പനിക്ക് നിര്‍മ്മിക്കാൻ സാധിക്കുന്ന തരം വിമാനങ്ങളുടെ വിവരങ്ങള്‍ ഇന്ത്യൻ വ്യോമസേന ഈ വര്‍ഷം ആദ്യം ആവശ്യപ്പെട്ടിരുന്നു. ബംഗളൂരുവില്‍ നടന്ന 2023 എയ്റോ ഇന്ത്യ പ്രദര്‍ശനത്തില്‍ സി-390 പ്രദര്‍ശിപ്പിച്ചിരുന്നു.

മത്സരരംഗത്ത് നിരവധി വിമാനങ്ങളുണ്ടെന്നും എന്നാല്‍ സി-390ന് അതിന്റേതായ ഗുണങ്ങളുണ്ടെന്നും ആധുനിക സാങ്കേതിക വിദ്യ, വിവിധ പ്രവര്‍ത്തികള്‍ ചെയ്യാനുള്ള കഴിവ്, പ്രവര്‍ത്തന വഴക്കം, കുറഞ്ഞ ചെലവ് എന്നിവ അതിന്റെ ഗുണങ്ങളാണെന്നും കോസ്റ്റാ പറഞ്ഞു. ഇന്ത്യൻ വായുസേന 12 സി-130 ജെ വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. എയര്‍ബസ്സും ടാറ്റ അഡ്വാൻസ് സിസ്റ്റവും കൂടിചേര്‍ന്ന് 21,935 കോടിയുടെ പദ്ധതിയുടെ ഭാഗമായി 56 സി-295 വിമാനങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം നടന്നുവരുന്നു.

Eng­lish sum­ma­ry; Trans­port air­craft for the mil­i­tary: more com­pa­nies to compete

you may also like this video;

Exit mobile version