Site iconSite icon Janayugom Online

ലേണേഴ്സെടുക്കല്‍ അത്ര എളുപ്പമാകില്ല: 30ല്‍ 25 ഉത്തരവും ശരിയാക്കണമെന്ന് ഗതാഗത മന്ത്രി

KBGKBG

ലേണേഴ്സ് ലൈസൻസ് കിട്ടാൻ ഇനിമുതല്‍ പുതിയ മാനദണ്ഡങ്ങള്‍. ലൈസന്‍സ് ലഭിക്കാനുള്ള ലേണേഴ്‌സ് പരീക്ഷയില്‍ സമഗ്ര മാറ്റങ്ങള്‍ വരുത്തി ഗതാഗതവകുപ്പ് ഇത് സംബന്ധിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാല്‍ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. എന്നാല്‍ ഇനിമുതല്‍ ചോദ്യങ്ങളുടെ എണ്ണം 20 ല്‍ നിന്ന് 30 ലേക്ക് ഉയര്‍ത്തും. 30 ചോദ്യങ്ങളില്‍ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാല്‍ മാത്രമേ ഇനി ലേണേഴ്‌സ് പരീക്ഷ പാസ്സാകുകയുള്ളുവെന്നും ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു. 

ഒരു ആര്‍ ടി ഓഫീസില്‍ നിന്ന് ഒരു ദിവസം 20 ലൈസന്‍സിലധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു. ലൈസന്‍സ് കൊടുക്കുന്ന നടപടി കര്‍ശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രായോഗിക പരീക്ഷയില്‍ കൂടുതല്‍ നിബന്ധനകളും ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്‌സ് എടുക്കണം. പാര്‍ക്ക് ചെയ്യണം, റിവേഴ്‌സ് എടുത്ത് പാര്‍ക്ക് ചെയ്ത് കാണിക്കണം. പലര്‍ക്കും ലൈസന്‍സുണ്ട്. ഓടിക്കാന്‍ അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീകളോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറുന്നു എന്ന പരാതിയെത്തുടര്‍ന്ന് ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ക്യാമറ വയ്ക്കാനും തീരുമാനമായിട്ടുണ്ട്. 

Eng­lish Sum­ma­ry: Trans­port Min­is­ter wants 25 out of 30 answers to be correct

You may also like this video

Exit mobile version