ബിജെപി ഭരിക്കുന്ന തിരുവിതാംകൂർ കോ– ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി നടത്തിയ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കും. മൂന്നു കോടി രൂപയിൽ കൂടുതലുള്ള സാമ്പത്തിക തട്ടിപ്പ് കേസുകൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തുകേസാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. നിലവിൽ 85 പേരാണ് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 50 ലക്ഷം രൂപ മുതൽ നിക്ഷേപിച്ചിട്ടുള്ളവർ തട്ടിപ്പിന് ഇരയായിട്ടുണ്ട്. 20 കോടിക്ക് മുകളിൽ നിക്ഷേപകർക്ക് നൽകാനുണ്ടെന്നാണ് വിവരം.
പണം നഷ്ടമായ നിക്ഷേപകരുടെ പരാതിയിൽ സൊസൈറ്റി പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതികളാക്കി ഫോർട്ട് പൊലീസ് കേസെടുത്തിട്ടുണ്ട്. ബോർഡ് അംഗങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. മുതിർന്ന ബിജെപി നേതാവും മുൻ വക്താവുമായിരുന്ന എം എസ് കുമാറാണ് സംഘത്തിന്റെ മുൻ പ്രസിഡന്റ്. 2004ൽ ആണ് സംഘം പ്രവർത്തനം ആരംഭിച്ചത്. ബിജെപി നേതാവായ സംഘം പ്രസിഡന്റിനെ ഒന്നും സെക്രട്ടറിയെ രണ്ടും പ്രതിയാക്കി മുൻ ഭരണസമിതിയിലെ 11 പേർക്ക് എതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം 22ന് ഭരണസമിതിയുടെ കാലാവധി കഴിഞ്ഞു. നിലവിൽ അഡ്മിനിസ്ട്രേറ്റർ ഭരണത്തിലാണ് സൊസൈറ്റി.
തട്ടിപ്പിൽ നഷ്ടമായ 32 കോടി രൂപ തിരിച്ചുപിടിക്കാൻ സഹകരണ വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്. സംഘത്തിന്റെ സാമ്പത്തിക നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്നും പലിശ സഹിതം ഈടാക്കും. ഇതിനായി സഹകരണ നിയമം 68(1) വകുപ്പ് പ്രകാരം കുറ്റക്കാരായ അംഗങ്ങളിൽനിന്നും എത്ര രൂപ വീതം ഈടാക്കണമെന്ന് സഹകരണ വകുപ്പിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിട്ടപ്പെടുത്തും. സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. ഭരണസമിതി അംഗങ്ങൾക്ക് ഉടൻ നോട്ടീസ് അയക്കും.
കുറ്റക്കാരായ ഭരണസമിതി അംഗങ്ങൾ നഷ്ടമായ തുക തിരിച്ചടയ്ക്കാൻ തയ്യാറായില്ലെങ്കിൽ സഹകരണ നിയമം 68(2) വകുപ്പ് പ്രകാരം ഇവരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. സംഘത്തിൽ ലക്ഷങ്ങൾ വായ്പയായി വിതരണം ചെയ്തത് മതിയായ ജാമ്യവ്യവസ്ഥ പാലിക്കാതെയാണന്നും പലവിധ കാരണങ്ങളാൽ സംഘത്തിന് 32 കോടി രൂപയുടെ സാമ്പത്തിക നഷ്ടം സംഭവിച്ചെന്നുമാണ് കഴിഞ്ഞ വർഷത്തെ സഹകരണ വകുപ്പിന്റെ ഓഡിറ്റ് റിപ്പോർട്ട്. മുതിർന്ന ബിജെപി നേതാക്കളെ വിശ്വസിച്ചാണ് പണം നിക്ഷേപിച്ചതെന്ന് നിക്ഷേപകരിൽ പലരും പറയുന്നു