Site iconSite icon Janayugom Online

യാത്രാ ചെലവ് കുറയ്ക്കാം; സൈക്കിൾ ക്യാമ്പറുമായി ആകാശ് കൃഷ്ണ

നാടിന്റെ മനോഹര കാഴ്ചകൾ കണ്ടാസ്വദിച്ചുള്ള യാത്രകൾ ഇഷ്ടപ്പെടാത്തവർ ആരുമുണ്ടാകില്ല. എന്നാൽ ആ യാത്രകളുടെ ചെലവ് ഓർത്താലോ പിന്നെ യാത്രയെക്കുറിച്ചുള്ള മോഹം മനസിലൊതുക്കും. അങ്ങനെയുള്ളവർക്ക് മുന്നിൽ ചെലവ് കുറഞ്ഞ സൈക്കിൾ ക്യാമ്പർ എന്ന ആശയം അവതരിപ്പിച്ച് മാതൃകയാവുകയാണ് കുന്ദമംഗലം സ്വദേശിയായ യുവാവ്. 

പിലാശ്ശേരി കളരിക്കണ്ടി നമ്പിപറമ്പത്ത് ആകാശ് കൃഷ്ണയാണ് ചെലവ് കുറഞ്ഞ താമസസൗകര്യത്തോടെയുള്ള സൈക്കിൾ ക്യാമ്പർ നിർമ്മിച്ചത്. പോളിടെക്നിക്ക് വിദ്യാർത്ഥിയായിരുന്ന ഈ മിടുക്കൻ ഒമ്പത് മാസം മുമ്പാണ് ഇത്തരത്തിലുള്ള സൈക്കിൾ ക്യാമ്പർ നിർമ്മിച്ചത്. എവിടെയെത്തിയാലും ക്യാമ്പറിനകത്ത് ഒരാൾക്ക് സുഖമായി കിടക്കാം എന്നതാണ് സവിശേഷത. മിനി ഫ്രിഡ്ജ്, മിനി വാട്ടർ കൂളർ, ഇൻവെർട്ടർ, ലാപ്‌ടോപ്പ് വയ്ക്കാനുള്ള സൗകര്യം, മിക്സി, ടിവി, വെള്ളം ശേഖരിക്കാനുള്ള സംവിധാനം എന്നിവയെല്ലാം ഈ ക്യാമ്പറിനകത്ത് ഒരുക്കിയിട്ടുണ്ട്. 

നാല് സോളാർ പാനലുകൾ ഉപയോഗിച്ചാണ് ക്യാമ്പറിന്റെ പ്രവർത്തനം. കൂടാതെ സുരക്ഷയ്ക്കായി സെക്യൂരിറ്റി അലാറവുമുണ്ട്. ചെറുപ്പം മുതൽ യാത്രകളോടുള്ള ഇഷ്ടമാണ് ആ­കാശ് കൃഷ്ണയെ സൈ­ക്കിൾ ക്യാമ്പർ നിർമ്മിക്കാൻ പ്രേരിപ്പിച്ചത്. ലെയ്ത്ത് ജോലി ചെയ്യുന്ന പിതാവ് ഉദയരാജന്റേയും മാതാവ് റീജയുടെയും പൂർണ പിന്തുണയുണ്ട് ആകാശ് കൃഷ്ണയ്ക്ക്. സൈക്കിൾ ക്യാമ്പറിലുള്ള ആദ്യയാത്ര കർണാടകയിലേക്കാണ്. എം കെ രാഘവൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. കുന്ദമംഗലത്തു നടന്ന ചടങ്ങിൽ പ്രദേശത്തെ നിരവധി പ്രമുഖർ ആശംസകളുമായെത്തി.

Eng­lish Summary:Travel expens­es can be reduced; Akash Krish­na with bicy­cle camper
You may also like this video

Exit mobile version