Site icon Janayugom Online

യാത്രാദുരിതം തുടരുന്നു: ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണംകുറച്ചു

Biny viswam

കപ്പലുകളുടെ എണ്ണംകുറച്ചതിനുപിന്നാലെ ലക്ഷദ്വീപിലെ യാത്രാദുരിതം തുടരുന്നു. പരാതികൾക്ക് നേരെ കണ്ണടയ്‌ക്കുന്ന അധികാരികളുടെ നടപടിയിൽ പ്രതിഷേധം ശക്തമാവുകയാണ്. ഏഴ് കപ്പൽ ഉണ്ടായിരുന്നകാലത്തും ദ്വീപുയാത്ര ദുരിതപൂർണമായിരുന്നു. ഇതിനിടയിലാണ് അഞ്ച് കപ്പലുകൾ വിവിധയിടങ്ങളിലായി കെട്ടിയിട്ടിരിക്കുന്നത്. നിലവിൽ എംവി കോറൽസ്, അറേബ്യൻ സീ എന്നിവമാത്രമാണ് സർവീസ് നടത്തുന്നത്. മറ്റ് കപ്പലുകൾ അറ്റകുറ്റപ്പണി നടത്തി നീറ്റിലിറക്കാൻ ലക്ഷദ്വീപ് അധികൃതർ നടപടി സ്വീകരിക്കുന്നില്ല എന്നതും ആശങ്കയ്ക്ക് കാരണമാകുന്നു. ചികിത്സാ ആവശ്യങ്ങൾക്ക്‌ കൊച്ചിയിലെത്തിയ നൂറുകണക്കിന്‌ ദ്വീപ്‌ നിവാസികളാണ്‌ കുടുങ്ങിക്കിടക്കുന്നത്‌. എംവി കവരത്തി, എംവി ലഗൂൺ, ലക്ഷദ്വീപ് സീ, എംവി അമിൻദിവി, എംവി മിനിക്കോയ് എന്നീ കപ്പലുകളാണ് കട്ടപ്പുറത്ത് ഇരിക്കുന്നത്. എംവി കവരത്തി 750 യാത്രക്കാരെയും 200 ടൺ ചരക്കും കയറ്റാവുന്ന വലിയ കപ്പലാണ്. ചെറിയ തീപിടിത്തമുണ്ടായതോടെ ആറുമാസംമുമ്പ് ഡോക്കിൽ കയറ്റിയ ഈ കപ്പൽ നീറ്റിലിറക്കിയാൽ യാത്രാക്ലേശത്തിന് താൽക്കാലിക പരിഹാരമാകും. എന്നാൽ, അതിനും നടപടിയില്ല.

ഇതിനുപുറമെ എംവി അമിൻദിവി, എംവി മിനിക്കോയ് എന്നിവ പൊളിക്കാനുള്ള നീക്കവും നടക്കുന്നു. 20 വർഷം കഴിഞ്ഞതിനാൽ പ്രധാന അറ്റകുറ്റപ്പണി അധികച്ചെലവാണെന്ന വാദമാണ് ലക്ഷദ്വീപ് ഭരണാധികാരികൾ പറയുന്നത്. സർട്ടിഫിക്കറ്റ് പ്രകാരം ഈ കപ്പലുകൾക്ക്‌ മൂന്ന് വർഷംകൂടി സർവീസ് നടത്താൻ അനുമതിയുണ്ടെന്നാണ് വിവരം. വർഷങ്ങൾക്കുമുമ്പ് യാത്രയ്ക്ക് യോഗ്യമല്ല എന്ന കാരണംപറഞ്ഞ്‌ ലക്ഷദ്വീപ് ഭരണകേന്ദ്രം ഒഴിവാക്കിയ ഭാരത് സീമ എന്ന കപ്പൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഇപ്പോഴും സർവീസ് നടത്തുന്നു. കപ്പലുകളുടെ കുറവ് മൂലം വിദ്യാർത്ഥികളും രോഗികളും അടക്കമുള്ളവർ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. രാത്രിമുഴുവനും ടിക്കറ്റ് കൗണ്ടറിന് മുന്നിൽ ക്യൂ നിന്നാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ് ഇവിടെയെന്ന് പ്രദേശവാസികൾ പറയുന്നു. രാവിലെ പലപ്പോഴും പല കാരണങ്ങൾ പറ‍ഞ്ഞ് അധികൃതര്‍ മടക്കി അയയ്ക്കുകയാണ് പതിവ്.

ഒരാഴ്ചയ്ക്കുചള്ളിൽ യാത്ര ദുരിതം പരിഹരിക്കണെന്നാവശ്യവുമായി ദ്വീപ് ജനത രംഗത്തെത്തിയിട്ടുണ്ട്. അല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അവർ അറിയിച്ചു. ദിവസങ്ങളോളം  കൊച്ചിയിൽ തങ്ങുവാൻ വേണ്ടി വരുന്ന സാമ്പത്തീക  ബാധ്യത താങ്ങാൻ കഴിയാതെ വലയുകയാണ്.

ഇന്നലെ എഐവൈഎഫ് സമരം ഉൽഘാടനം ചെയ്യാൻ എത്തിയ ബിനോയ്‌വിശ്വം എം പി യുടെ അടുത്ത് പരാതിയുമായി നിരവധിയാളുകളാണ് എത്തിയത്.

Eng­lish Sum­ma­ry:  Trav­el woes con­tin­ue: The num­ber of ships bound for Lak­shad­weep has dwindled

You may like this video also

Exit mobile version