ഇരുചക്രവാഹനത്തിൽ രണ്ട് പേർക്കൊപ്പം കുട്ടികളെ കൂടി യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യം നടപ്പാക്കാന്‍ കേന്ദ്രനിയമത്തില്‍ ഇളവ് ആവശ്യപ്പെടുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
ഇക്കാര്യത്തില്‍ പൊതുവായി ഉയര്‍ന്നിട്ടുള്ള ആശങ്ക പരിഹരിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ഇരുചക്രവാഹനത്തിൽ രണ്ട് പേര്‍ക്കേ യാത്ര ചെയ്യാനാകൂ എന്നത് കേന്ദ്ര നിയമമാണെന്നും കേരളം പ്രത്യേക നിയമം കൊണ്ടുവന്നിട്ടില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. മാതാപിതാക്കള്‍ക്കൊപ്പം ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ചു കൊണ്ട് ഒരു കുട്ടിയെ കൊണ്ടുപോകാന്‍ എങ്കിലും അനുവദിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. അതുകൊണ്ട് കേന്ദ്ര നിയമത്തിലാണ് മാറ്റം വരേണ്ടത്. ഇളവ് വേണമെന്ന ആവശ്യം കേന്ദ്രത്തോട് ഉന്നയിക്കും. വ്യക്തത വരുത്തേണ്ടത് കേന്ദ്രമാണ്. ഇക്കാര്യം ചർച്ച ചെയ്യാനായി ഉദ്യോഗസ്ഥ യോഗം അടുത്ത മാസം 10 ന് വിളിച്ചിട്ടുണ്ട്. യോഗതീരുമാനം അനുസരിച്ച് കേന്ദ്രത്തെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു.
എഐ കാമറ സ്ഥാപിച്ച ശേഷം സംസ്ഥാനത്ത് നിയമ ലംഘനങ്ങൾ കുറഞ്ഞെന്ന് മന്ത്രി അറിയിച്ചു. സർക്കാരിന് പണമുണ്ടാക്കാനല്ല എഐ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. കേന്ദ്ര നിയമം സംസ്ഥാനത്തിന് നടപ്പാക്കാതിരിക്കാൻ കഴിയില്ല. മനുഷ്യജീവൻ സംരക്ഷിക്കാനാണ് നിയമം നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എഐ കാമറ വിജിലൻസ് അന്വേഷണം സംബന്ധിച്ച ഫയൽ തന്റെ മുന്നിൽ വരുന്നത് 2022 ഡിസംബറിലാണ്. വിജിലൻസ് അന്വേഷണത്തിന് ഗതാഗത വകുപ്പ് ശുപാർശ ചെയ്തതാണ്. പരാതി വന്നത് കൊണ്ട് ഒരു പദ്ധതി നിർത്തി വെയ്ക്കാൻ കഴിയില്ല. പരാതികളിൽ നടന്നത് ത്വരിത അന്വേഷണം ആണ്. ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണമാണെന്നും മന്ത്രി വ്യക്തമാക്കി.
You may also like this video