രാജ്യദ്രോഹ കേസ് ചുമത്തുന്ന വകുപ്പ് താല്‍ക്കാലികമായി മരവിപ്പിച്ച സുപ്രീംകോടതി നടപടിയില്‍ സംതൃപ്തി പ്രകടിപ്പിച്ച് മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ. ഉത്തര്‍ പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത സിദ്ദിഖ് കാപ്പനെതിരെ രാജ്യദ്രോഹ കേസ് ചുമത്തിയിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പാണ് രാജ്യദ്രോഹ കേസ് ചുമത്തുന്നത്.
രാജ്യദ്രോഹ കേസിന് പുറമെ യുഎപിഎ കേസും സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയിരുന്നു. യുഎപിഎ കേസുകള്‍ കൂടി പുനഃപ്പരിശോധിക്കണമെന്ന് സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്ത് പ്രതികരിച്ചു. ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായി ചര്‍ച്ച നടത്തുമെന്നും അവര്‍ പറഞ്ഞു. രണ്ടു വര്‍ഷത്തോളമായി യുപിയിലെ ജയിലിലാണ് സിദ്ദിഖ് കാപ്പന്‍. യുഎപിഎ കേസ് ചുമത്തിയത് കൊണ്ടാണ് ജാമ്യം ലഭിക്കാത്തത് എന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.
സാധാരണക്കാരായവര്‍ക്കെതിരെ യുഎപിഎ ചുമത്തി ജയിലിടയ്ക്കുന്ന രീതി അവസാനിപ്പിക്കണം. സിദ്ദിഖ് കാപ്പനെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കുന്ന ഒരു രേഖയും അന്വേഷണ സംഘത്തിന് കോടതിയില്‍ സമര്‍പ്പിക്കാനായിട്ടില്ലെന്നും റൈഹാനത്ത് പറഞ്ഞു. ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചപ്പോള്‍ ജാമ്യം നല്‍കരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെടുകയാണ് പതിവ്. കേസ് അടുത്ത വെള്ളിയാഴ്ച അലഹാബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് പരിഗണിക്കും. സുപ്രീംകോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ യുഎപിഎ കേസ് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ അഭിഭാഷകരുമായി നടത്തുമെന്നും റൈഹാനത്ത് കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍ പ്രദേശിലെ ഹത്രാസില്‍ ദളിത് യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ ഡല്‍ഹിയില്‍ നിന്ന് പോയതായിരുന്നു സിദ്ദിഖ് കാപ്പന്‍. വര്‍ഷങ്ങളായി അദ്ദേഹം ഡല്‍ഹി കേന്ദ്രീകരിച്ചാണ് മാധ്യമപ്രവര്‍ത്തനം നടത്തിവന്നിരുന്നത്. ഹത്രാസിലേക്കുള്ള യാത്രയ്ക്കിടെയാണ് മഥുരയില്‍ വച്ച് പോലീസ് തടഞ്ഞതും കസ്റ്റഡിയിലെടുത്തും. ഹത്രാസ് സംഭവത്തിന്റെ മറവില്‍ യുപിയില്‍ കലാപം സൃഷ്ടിക്കാനാണ് എത്തിയത് എന്നായിരുന്നു പോലീസ് ആരോപണം. 4000ത്തോളം പേജുള്ള കുറ്റപത്രമാണ് സിദ്ദിഖിനെതിരെ സമര്‍പ്പിച്ചിട്ടുള്ളത്.
മാതാവ് രോഗബാധിതയായപ്പോള്‍ കാണാന്‍ സുപ്രീംകോടതി ഇടപെടലിനെ തുടര്‍ന്ന് സിദ്ദീഖ് മലപ്പുറം വേങ്ങരയിലെ വീട്ടിലെത്തിയിരുന്നു. തിരിച്ചുപോയി ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മാതാവ് മരിച്ചു. ജാമ്യത്തിന് കോടതിയെ സമീപിച്ചിരുന്നു എങ്കിലും കാര്യമുണ്ടായിട്ടില്ല.124 എ വകുപ്പ് പുനഃപ്പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് അനുമതി നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി ഇപ്പോള്‍.
ഇക്കാര്യത്തിലുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ വകുപ്പ് മരവിപ്പിച്ചു. ഇതുപ്രകാരം കേസെടുത്തവര്‍ക്ക് ജാമ്യം ലഭിക്കാന്‍ കോടതിയെ സമീപിക്കാം. ഈ വകുപ്പ് പ്രകാരം പുതിയ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും ചീഫ് ജസ്റ്റിസ് എന്‍വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
English Summary:Treason case; Siddique Kappan’s wife says she is happy with the court intervention
You may also like this video: