Site iconSite icon Janayugom Online

രാജ്യദ്രോഹക്കുറ്റം: കേന്ദ്രം ഇന്ന് നിലപാടറിയിക്കണം

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഐപിസി 124 എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കാമെന്ന് സുപ്രീം കോടതി. അതേസമയം ഈ വകുപ്പ് ചുമത്തപ്പെട്ട് ജയിലില്‍ കിടക്കുന്നവരുടെ കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഒരു ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനു കോടതി നിര്‍ദേശം നല്‍കി. വകുപ്പ് സംബന്ധിച്ച പുനരാലോചനകള്‍ നടന്നുവരികയാണെന്നും തീരുമാനം ഉണ്ടാകും വരെ ബന്ധപ്പെട്ട കേസുകളില്‍ വാദം കേള്‍ക്കുന്നത് നീട്ടി വയ്ക്കണമെന്നുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ജസ്റ്റിസുമാരായ എന്‍ വി രമണ, സൂര്യ കാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസുകള്‍ അഞ്ചംഗ ബെഞ്ച് പരിഗണിക്കണോ. അതോ ഉയര്‍ന്ന ബെഞ്ചിന് കൈമാറണോ തുടങ്ങിയ വിഷയങ്ങളും കോടതിയുടെ പരിഗണനയിലാണ്. നിലവിലെ കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് വ്യക്തമാക്കണമെന്ന ആവശ്യമാണ് കോടതിയില്‍ നിന്നും ഉയര്‍ന്നത്. ഈ നിയമ പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന നിര്‍ദേശം എന്തുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കിക്കൂടാ എന്നും ബെഞ്ച് കേന്ദ്രത്തോട് ചോദിച്ചു.

ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ തീര്‍പ്പാകും വരെ ഈ സാധ്യത പരിശോധിക്കണമെന്ന നിര്‍ദേശവും ബെഞ്ചിന്റെ ഭാഗത്തു നിന്നുണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ പുനരാലോചനാ നടപടികള്‍ എപ്പോഴാണ് പൂര്‍ത്തിയാകുക എന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നല്‍കാനാകില്ലെന്ന മറുപടിയാണ് സോളിസിറ്റര്‍ ജനറല്‍ നല്‍കിയത്. വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കുന്നത് പരിഗണിക്കാം. അതുവരെ ബന്ധപ്പെട്ട വകുപ്പ് ദുരുപയോഗം ചെയ്യാതിരിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. വകുപ്പിന്റെ ദുരുപയോഗം തടയാന്‍ ഭരണഘടനാ പോംവഴികള്‍ ഉണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറുപടി. എങ്കില്‍ ഈ വകുപ്പ് ചുമത്തപ്പെട്ടവരെയും ജയിലില്‍ കഴിയുന്നവരെയും ഇനി ചുമത്തപ്പെടാന്‍ ഇരിക്കുന്നവരുടെയും കാര്യത്തില്‍ എന്തു നിലപാടാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി. രാജ്യദ്രോഹ കുറ്റം സംബന്ധിച്ച വിഷയങ്ങള്‍ പുനഃപരിശോധനയിലായതിനാല്‍ കേസുകള്‍ താല്ക്കാലികമായി നിര്‍ത്തി വയ്ക്കാന്‍ നിര്‍ദേശം നല്‍കാമല്ലോ എന്ന് ജസ്റ്റിസ് സുര്യകാന്ത് ചൂണ്ടിക്കാട്ടി. നിശ്ചിത വകുപ്പുമായി ബന്ധപ്പെട്ട കേസിലെ നടപടികള്‍ മുന്നോട്ടു കൊണ്ടുപോകരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് എന്തുകൊണ്ട് നിര്‍ദേശം നല്‍കാനാകില്ലെന്ന് ജസ്റ്റിസ് ഹിമാ കോലിയും ചോദിച്ചു. സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഇന്നു രാവിലെ മറുപടി നല്‍കണമെന്ന് ബെഞ്ച് നിര്‍ദേശിച്ചു.

Eng­lish sum­ma­ry; Trea­son: The Cen­ter should announce its stand today

You may also like this video;

Exit mobile version