Site iconSite icon Janayugom Online

രാജ്യദ്രോഹക്കുറ്റം: കേന്ദ്രനിലപാടില്‍ അനിശ്ചിതത്വം

രാജ്യദ്രോഹക്കുറ്റം സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകര്‍ തമ്മില്‍ സുപ്രീം കോടതിയില്‍ അഭിപ്രായ ഭിന്നത. കേസ് വാദിക്കാന്‍ തയാറെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചപ്പോള്‍ കേസ് നീട്ടി വയ്ക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ അനിശ്ചിതത്വം തുടരുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പ് 124 എ റദ്ദാക്കേണ്ടതില്ലെന്ന വാദമാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കേസ് പരിഗണിക്കുന്നതിനിടെ മുന്നോട്ടു വച്ചത്.

ദേശീയ സുരക്ഷയ്ക്കൊപ്പം അഭിപ്രായ സ്വാതന്ത്ര്യവും തുല്യമായി പരിഗണിച്ചാണ് 1962 ലെ കേദാര്‍നാഥ് കേസിന്റെ വിധിയെന്ന് എജി ചൂണ്ടിക്കാട്ടി. പ്രസ്തുത വകുപ്പിന്റെ ദുരുപയോഗം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് വേണ്ടത്. കേസില്‍ വാദിക്കാന്‍ തയാറായാണ് എത്തിയിരിക്കുന്നതെന്നും എജി വ്യക്തമാക്കി. അതേസമയം കേസില്‍ അഭിഭാഷകന്‍ എന്ന നിലയില്‍ കരട് സത്യവാങ്മൂലം തയാറാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കേണ്ടതുള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടി വയ്ക്കണം എന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയോട് ആവശ്യപ്പെട്ടത്.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഹിമാ കോലി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ നേതാക്കള്‍, സന്നദ്ധ സംഘടനകള്‍, ആക്ടിവിസ്റ്റുകള്‍ തുടങ്ങിയവര്‍ സമര്‍പ്പിച്ച ഹര്‍ജികളില്‍ വാദം കേട്ടത്. വിരുദ്ധ അഭിപ്രായങ്ങള്‍ ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടിയപ്പോള്‍ തന്റെ നിലപാട് വ്യത്യസ്തമാകാം എന്ന മറുപടിയാണ് എജി മുന്നോട്ടു വച്ചത്. എന്നാല്‍ എജിക്ക് കേന്ദ്രത്തിന്റെ നിലപാട് അറിയില്ലെന്ന അഭിപ്രായം എസ്‌ജി കോടതിയില്‍ ഉന്നയിച്ചു.

എ ജി വാദങ്ങള്‍ ഉന്നയിക്കട്ടെ, അദ്ദേഹത്തിന് അവസരം നല്‍കിയില്ലെന്ന തോന്നല്‍ ഉണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് ഇതിനു മറുപടി നല്‍കി. കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതി അഞ്ചംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചതെന്നും അതിനാല്‍ കേസ് ഏഴംഗ ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസില്‍ കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍ സത്യവാങ്മൂലം ഇല്ലാതെ നിയമപരമായ വിഷയങ്ങള്‍ പരിഗണിച്ച് വാദം കേള്‍ക്കുന്നതില്‍ കക്ഷികളോട് കോടതി അഭിപ്രായം തേടി. എന്നാല്‍ എതിര്‍ സത്യവാങ്മൂലം കേസില്‍ അനിവാര്യമെന്നാണ് സോളിസിറ്റര്‍ ജനറല്‍ പ്രതികരിച്ചത്. കേസ് മേയ് പത്തിന് കോടതി വീണ്ടും പരിഗണിക്കും.

Eng­lish summary;Treason: Uncer­tain­ty at the Center

You may also like this video;

Exit mobile version