Site iconSite icon Janayugom Online

ലൈംഗിക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് കഠിനമായി മാറരുത്: സുപ്രീം കോടതി

ലൈംഗിക പീഡന കേസുകളിലെ വിചാരണ അതിജീവിതയ്ക്ക് കഠിനമായി മാറരുതെന്ന് സുപ്രീം കോടതി. ക്രോസ് വിസ്താരം കഴിവതും ഒറ്റ സിറ്റിങ്ങില്‍ പൂര്‍ത്തിയാക്കണമെന്നും മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.
പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിതയെന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നതെന്ന് ഉറപ്പ് വരുത്തണം. മൊഴി നല്‍കുമ്പോള്‍ പ്രതിയെ കാണാതെയിരിക്കാന്‍ വിചാരണക്കോടതി നടപടി സ്വീകരിക്കണം. ഇതിനായി ഒരു സ്‌ക്രീന്‍ വയ്ക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. അതിന് സാധിക്കുന്നില്ലങ്കില്‍ അതിജീവിത മൊഴി നല്‍കുമ്പോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദ്ദേശിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മധ്യപ്രദേശിലെ വൈസ് ചാന്‍സലര്‍ക്കെതിരെ ലൈംഗിക പീഡന കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതിയുടെ സുപ്രധാനമായ നിര്‍ദ്ദേശങ്ങള്‍.
ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരാള്‍ക്ക് മാനസിക ആഘാതവും സാമൂഹിക നാണക്കേടും നേരിടേണ്ടിവരുന്നത് അവരുടെ തെറ്റ് മൂലമാണ് എന്നതിലേക്ക് കോടതികള്‍ എത്താതിരിക്കണമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച്‌ ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. അതിജീവിതയ്ക്ക് വിചാരണ നടപടികള്‍ കഠിനമാകരുത്. പരാതിക്കാരിക്ക് തന്റെ പരാതിയുമായി ബന്ധപ്പെട്ട സുപ്രധാന തെളിവുകള്‍ വീണ്ടെടുക്കാന്‍ സാധ്യമല്ല എന്ന വസ്തുതയ്ക്കും അര്‍ഹമായ പരിഗണന നല്‍കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു,
പരാതി നല്‍കിയിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പൊലീസിന്റെ കടമയാണെന്നും ഈ കേസില്‍ പൊലീസിന്റെ നിഷ്‌ക്രിയത്വം ദൗര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു. പൊലീസ് ഇടപെടാന്‍ വിസമ്മതിക്കുന്ന സന്ദര്‍ഭങ്ങളില്‍ കോടതികള്‍ക്ക് കൂടുതല്‍ ഉത്തരവാദിത്തം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

Eng­lish Sum­ma­ry: Tri­al in sex­u­al harass­ment cas­es should not become life-threat­en­ing: Supreme Court

You may like this video also

Exit mobile version