ആന്ധ്രയിലെ ജനങ്ങള്‍ ഇന്ന് ഇരട്ടവോട്ട് രേഖപ്പെടുത്തും. കേന്ദ്രത്തിലാര് ഭരിക്കണമെന്നും സംസ്ഥാനത്ത് ആര് നയിക്കണമെന്നും വിധിയെഴുതുന്ന ദിവസമാണിന്ന്. 175 നിയമസഭാ മണ്ഡലങ്ങളിലേക്കും 25 ലോക്‌സഭാ സീറ്റുകളിലേക്കും തീ പാറുന്ന മത്സരമാണ് നടക്കുന്നത്. ലോക്‌സഭയിലേക്ക് 503, അസംബ്ലിയിലേക്ക് 2,705ഉം സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ എം കെ മീന അറിയിച്ചു.
വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി നയിക്കുന്ന വൈഎസ്ആര്‍ കോണ്‍ഗ്രസും മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേതൃത്വം നല്‍കുന്ന തെലുങ്ക് ദേശം പാര്‍ട്ടിയും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ജഗന്റെ സഹോദരി വൈ എസ് ശര്‍മിളയാണ് സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുന്നത്.
ശര്‍മിള കടപ്പയില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിക്കുകയും ചെയ്യുന്നു. നടന്‍ പവന്‍ കല്യാണിന്റെ ജനസേന പാര്‍ട്ടിയും ബിജെപിയും കഴിയുന്നത്ര സീറ്റ് പിടിക്കാനുള്ള ശ്രമത്തിലാണ്.
വൈഎസ്ആര്‍ കോണ്‍ഗ്രസ് 175 നിയമസഭാ സീറ്റിലും 25 ലോക്‌സഭാ സീറ്റിലും മത്സരിക്കുന്നു. എന്‍ഡിഎയില്‍ ടിഡിപി 144 അസംബ്ലി മണ്ഡലങ്ങളിലും 17 പാര്‍ലമെന്റ് സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ബിജെപി പത്ത് നിയമസഭാ മണ്ഡലങ്ങളിലും ആറ് ലോക്‌സഭാ സീറ്റുകളിലും മാറ്റുരയ്ക്കുന്നു. ജനസേന 21 അസംബ്ലി സീറ്റിലും രണ്ട് ലോക്‌സഭാ സീറ്റിലും.
എന്‍ഡിഎയ്ക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോഡി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിങ് എന്നിവര്‍ പ്രചരണത്തിനെത്തി. കോണ്‍ഗ്രസിന് വേണ്ടി ദേശീയ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും മറ്റ് നേതാക്കളും. കഴിഞ്ഞ അഞ്ച് കൊല്ലത്തെ ക്ഷേമപദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയാണ് മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി വോട്ട് തേടിയത്. സര്‍ക്കാര്‍ പരാജയമാണെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ വികസനം കൊണ്ടുവരുമെന്നും പറഞ്ഞാണ് എന്‍ഡിഎ ജനങ്ങളെ സമീപിച്ചത്.
മൊത്തം 4.14 കോടി വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളതെന്ന് ഇലക്ഷന്‍ കമ്മിഷന്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ഇതില്‍ 2.02 കോടി പുരുഷന്മാരും 2.1 കോടി വനിതകളും 3,421 ഭിന്നലിംഗക്കാരും 68,185 സർവീസ് വോട്ടര്‍മാരും ഉള്‍പ്പെടുന്നു. സുഗമമായ വോട്ടെടുപ്പിനായി ഒരുലക്ഷത്തിലധികം സുരക്ഷാ ജീവനക്കാരെയാണ് വിന്യസിച്ചിരിക്കുന്നത്. 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് 151 സീറ്റിന്റെ മൃഗീയഭൂരിപക്ഷത്തിന് സംസ്ഥാന ഭരണം പിടിച്ചെടുത്തു. ടിഡിപിക്ക് 23ഉം ജനസേനയ്ക്ക് ഒരു സീറ്റും ലഭിച്ചു. ലോക്‌സഭയിലേക്ക് വൈഎസ്ആര്‍ കോണ്‍ഗ്രസിന് 22ഉം ടിഡിപിക്ക് മൂന്നും സീറ്റുകള്‍ കിട്ടി.
English Summary: Triangular rivalry in Andhra
You may also like this video