ട്രൈബല്‍ പ്ലസ് പദ്ധതിയുടെ രണ്ടാം ഗഡുവായി 9.97 കോടി രൂപ അനുവദിച്ചു. സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ ട്രൈബല്‍ പ്ലസ് പദ്ധതിയുടെ ഒന്നാം ഗഡുവായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് മിഷന് നല്‍കിയതിന് പുറമേയാണിത്.
സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായ ട്രൈബല്‍ പ്ലസ് പദ്ധതിയിലൂടെ പട്ടികവര്‍ഗ വിഭാഗത്തിലുള്ള തൊഴിലാളികള്‍ക്ക് അധികതൊഴില്‍ നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന തൊഴില്‍ദിനങ്ങള്‍ക്കു പുറമേ 15,287 കുടുംബങ്ങള്‍ക്കാണ് 3,58,000 തൊഴില്‍ദിനങ്ങള്‍ അധികമായി നല്‍കിയത്. ഈ വര്‍ഷം പരമാവധി കുടുംബങ്ങള്‍ക്ക് 200 തൊഴില്‍ദിനങ്ങള്‍ വരെ നല്‍കും. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 32ാമത് സംസ്ഥാന തൊഴിലുറപ്പ് പദ്ധതി കൗണ്‍സില്‍ യോഗത്തിലാണ് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദന്‍ ഇക്കാര്യം അറിയിച്ചത്.
പട്ടികവര്‍ഗ വിഭാഗത്തിലുള്ളവരുടെ കൂലിയില്‍ കുടിശ്ശിക വരുത്താതെ ട്രൈബല്‍ പ്ലസ് പദ്ധതി നടപ്പിലാക്കാന്‍ തൊഴിലുറപ്പ് മിഷനും പട്ടികവര്‍ഗ വകുപ്പും അതീവ ശ്രദ്ധ ചെലുത്തണം. വയനാട്, ഇടുക്കി, കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ പട്ടികവര്‍ഗ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് അവബോധമുണ്ടാക്കി കൂടുതല്‍ പേര്‍ക്ക് തൊഴിലും കൂലിയും ലഭ്യമാക്കുവാന്‍ സാധിച്ച നടപടിക്ക് തുടര്‍ച്ചയുണ്ടാക്കും.
കോവിഡ് പ്രതിസന്ധി സമ്പദ്‌വ്യവസ്ഥയ്ക്കും തൊഴിലിനും വലിയ ആഘാതമുണ്ടാക്കിയ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ച 10 കോടി 23 ലക്ഷം തൊഴില്‍ദിനങ്ങളില്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കാനുള്ള സാധ്യത സംസ്ഥാനത്ത് നിലനില്‍ക്കുണ്ട്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച എട്ടു കോടി 36 ലക്ഷം തൊഴില്‍ ദിനങ്ങളുടെ 95 ശതമാനവും സംസ്ഥാനം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഉടന്‍തന്നെ പുതുക്കിയ ലേബര്‍ ബജറ്റ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
English Summary: Tribal Plus Scheme: The second instalment is Rs 9.97 crore
You may like this video also