ആദിവാസി വിഭാഗത്തിന്റെ കാർഷിക ഉല്പന്നങ്ങളും വനവിഭവങ്ങളും സംസ്കരിക്കുന്നതിനും അവയിൽ നിന്ന് മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായി അതിരപ്പിള്ളി വെറ്റിലപ്പാറയിലെ ചിക്ലായിയിൽ ആരംഭിച്ച സെൻട്രൽ പ്രൊസസിങ് യൂണിറ്റ് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ട്രൈബൽവാലി കാർഷിക പദ്ധതി രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി 7.91 കോടി ചെലവിൽ നടപ്പിലാക്കുന്ന അതിരപ്പിള്ളി ട്രൈബൽ വാലി കാർഷിക പദ്ധതിയിലൂടെ ആദിവാസി വിഭാഗങ്ങളുടെ സമഗ്രവികസനമാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഊരുകൾ കേന്ദ്രീകരിച്ച് 14 ക്ലസ്റ്ററുകൾ രൂപീകരിച്ചാണ് പദ്ധതി നടപ്പിലാക്കിവരുന്നത്. ഈ ക്ലസ്റ്ററുകളെ കൃഷിക്കൂട്ടങ്ങളായി അംഗീകരിക്കും. പദ്ധതി രണ്ട് വർഷം കൂടി തുടരുമെന്നും മന്ത്രി അറിയിച്ചു.
കാർഷിക ഉല്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാന സർക്കാർ അവതരിപ്പിച്ച കേരള ഗ്രോ ബ്രാന്റിന് കീഴിൽ അതിരപ്പിള്ളി ട്രൈബൽവാലി ഉല്പന്നങ്ങൾ കൂടി ഉൾപ്പെടുത്തി ഇവയുടെ വിപണന സാധ്യത മെച്ചപ്പെടുത്തും. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ അതിരപ്പിള്ളി ബ്രാന്റ് ഉല്പന്നങ്ങളുടെ വിപണന യൂണിറ്റുകൾ തുടങ്ങും. ഓൺലൈനിലും ഇവയുടെ വില്പനയ്ക്ക് വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. സനീഷ് കുമാർ ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു.
ആദിവാസികള്‍ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി, മഞ്ഞക്കൂവ, തേൻ, നെല്ല് തുടങ്ങിയ ഉല്പന്നങ്ങൾ സംസ്കരിക്കുന്നതിനും അവയിൽ നിന്ന് മൂല്യവർധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനുമായാണ് 1.23 കോടി രൂപ ചെലവിൽ പ്രൊസസിങ് യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. ഇവ അതിരപ്പിള്ളി എന്ന ബ്രാന്റ് നാമത്തിലാണ് വിപണിയിലെത്തിക്കുക. കൃഷി പ്രോത്സാഹനം മുതൽ ഉല്പന്നങ്ങളുടെ വിപണനം വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിനായി അതിരപ്പിള്ളി വാലി ഫാമേഴ്സ് പ്രൊഡ്യൂസർ കമ്പനിക്ക് രൂപം നൽകിയിട്ടുണ്ട്.
English Summary:Tribal products now under ‘Athirapilli’ brand
You may also like this video

