Site iconSite icon Janayugom Online

സുഡാനില്‍ ഗോത്രവിഭാഗങ്ങള്‍ ഏറ്റുമുട്ടി; 200 മരണം

ZudanZudan

സുഡാനിലെ ഡാർഫൂർ മേഖലയിൽ ഗോത്ര വിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ 200ലധികം പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വെസ്റ്റ് ഡാർഫൂർ തലസ്ഥാനമായ എൽ ജെനീനയിലും പരിസരത്തും വെള്ളിയാഴ്ച മുതൽ മസാലിറ്റ് സമുദായ അംഗങ്ങളും അറബ് വിഭാഗക്കാരും തമ്മിലാണ് സംഘർഷമുണ്ടായത്. ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, വിവിധ മാർക്കറ്റുകൾ എന്നിവ ആക്രമിക്കപ്പെട്ടതായി യുഎൻ അറിയിച്ചു.

മൂന്ന് ദിവസത്തെ അക്രമണത്തിൽ 213 പേര്‍ കൊല്ലപ്പെട്ടതായി വെസ്റ്റ് ഡാർഫൂർ ഗവർണർ ഖമീസ് അബ്കര്‍ അറിയിച്ചു. സുഡാൻ തലസ്ഥാനമായ ഖാർത്തൂമിൽ നിന്ന് 1,100 കിലോമീറ്റർ പടിഞ്ഞാറ് അരലക്ഷത്തോളം ആളുകള്‍ താമസിക്കുന്ന ക്രിങ്കിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 201 പേർ കൊല്ലപ്പെടുകയും 103 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സുഡാനിൽ വർധിച്ചു വരുന്ന സംഘർഷങ്ങളിൽ പരിഭ്രാന്തനാണെന്ന് യുഎൻ മനുഷ്യാവകാശ മേധാവി മിഷേൽ ബാഷെലെറ്റ് പറഞ്ഞു. ആക്രമണങ്ങളിൽ നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്നും മിഷേൽ ആവശ്യപ്പെട്ടു.
ആറ് മാസം മുമ്പ് കരസേനാ മേധാവി അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സൈനിക അട്ടിമറിയിൽ വീഴ്ച സംഭവിച്ചതോടെയാണ് സുഡാനിൽ ഏറ്റുമുട്ടൽ രൂക്ഷമായത്.

ക്രിങ്ക് നഗരത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യപ്പെടാതെയും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെയും മറവ് ചെയ്യുകയാണെന്ന് സെന്‍ട്രല്‍ കമ്മിറ്റി ഓഫ് സുഡാനീസ് ഡോക്ടേഴ്സ് (സിസിഎസ്ഡി) അറിയിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ക്രിങ്കിലെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകള്‍.

Eng­lish Sum­ma­ry: Tribes clash in Sudan; 200 deaths

You may like this video also

Exit mobile version