Site iconSite icon Janayugom Online

ഭൂമി തട്ടിയെ‍ടുക്കാന്‍ ശ്രമിച്ചു; അയോധ്യ ക്ഷേത്ര ട്രസ്റ്റ് വീണ്ടും വിവാദത്തില്‍

ram templeram temple

അനധികൃതമായി ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ അയോധ്യ രാമ ജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് വീണ്ടും വിവാദത്തില്‍. അന്‍ഗദ് തിലയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്രത്തിലെ നാഗ സന്യാസിമാരാണ് ക്ഷേത്രത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. ഭൂമിയിടപാടില്‍ അഴിമതി നടത്തിയെന്ന ആരോപണം രണ്ട് വര്‍ഷത്തിന് മുമ്പും ട്രസ്റ്റിനെതിരെ ഉയര്‍ന്നിരുന്നു.
അന്‍ഗദ് തിലയെന്ന ചെറിയകുന്ന് അനധികൃതമായി തട്ടിയെടുക്കാനുള്ള അയോധ്യ ട്രസ്റ്റിന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും ഇതിനെതിരെ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാഗ സന്യാസിമാര്‍ പറഞ്ഞു. ക്ഷേത്രത്തെ സമ്മര്‍ദത്തിലാക്കി ഭൂമി തട്ടിയെടുക്കാനുള്ള നീക്കം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രാദേശിക ഭരണകൂടത്തെ സ്വാധീനിച്ച് വിവാദഭൂപ്രദേശത്തെ കാര്‍ഷികേതര സര്‍ക്കാര്‍ ഭൂമിയായി പ്രഖ്യാപിക്കാന്‍ ശ്രമിച്ചുവെന്നും നാഗ സന്യാസിമാര്‍ പറഞ്ഞു.

13-ാംനൂറ്റാണ്ടുമുതല്‍ പ്രദേശം ഹനുമാന്‍ ക്ഷേത്രത്തിന്റെ അധീനതയിലുള്ളതാണെന്നും ആവശ്യമായ തെളിവുകള്‍ കൈവശമുണ്ടെന്നുമാണ് സന്യാസിമാര്‍ വാദിക്കുന്നത്. പ്രദേശത്തെ കാര്‍ഷികേതര സര്‍ക്കാര്‍ ഭുമിയായി തരംതിരിച്ചത് ട്രസ്റ്റിന് ഭൂമി കൈമാറുന്നത് എളുപ്പമാക്കാനാണെന്നും ഇത് ട്രസ്റ്റും ഭരണകൂടവും തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണെന്നും നാഗ സന്നാസിമാര്‍ പറഞ്ഞു. എന്നാല്‍ പ്രാദേശിക ഭരണകൂടത്തിന്റെ നടപടികള്‍ ട്രസ്റ്റിന്റെ പരിധിക്ക് പുറത്താണെന്നും അതില്‍ ഉത്തരവാദിത്തമില്ലെന്നുമാണ് ട്രസ്റ്റിന്റെ പ്രതികരണം. 

2021ലും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ബിജെപി എംഎല്‍എ, അയോധ്യ മേയറുടെ അനന്തിരവന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ പേരുകളാണ് അഴിമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നത്.
ഭൂമിയിടപാടുമായി ബന്ധപ്പെട്ട് അയോധ്യയിലെ അന്നത്തെ ജില്ലാ മജിസ്ട്രേറ്റ് അനൂജ് കുമാര്‍ നിരവധി തവണ തന്നെ സന്ദര്‍ശിച്ചതായി ഭൂമിയിടപാടുകാരനെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളോ നേതാക്കളോ അല്ല ആരോപണമുന്നയിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

Eng­lish Sum­ma­ry: tried to grab land; Ayo­d­hya Tem­ple Trust in con­tro­ver­sy again

You may also like this video

Exit mobile version