Site iconSite icon Janayugom Online

മകളുടെ ഇൻഷുറൻസ് പണം പിൻവലിക്കാൻ ശ്രമിച്ചു; ആക്ടിവിസ്റ്റ് അന്ന ക്വോക്കിന്റെ പിതാവിന് എട്ട് മാസം തടവ് വിധിച്ച് കോടതി

അമേരിക്കയിൽ ഹോങ്കോങ് ഡെമോക്രസി കൗൺസിലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി പ്രവർത്തിക്കുന്ന അന്ന ക്വോക്കിന്റെ പിതാവ് ക്വോക്ക് ഇൻ‑സാങ്ങിന് (69) ഹോങ്കോങ് കോടതി എട്ടുമാസം തടവ് ശിക്ഷ വിധിച്ചു. വിദേശത്ത് ഒളിവിൽ കഴിയുന്ന ഒരു ആക്ടിവിസ്റ്റിന്റെ കുടുംബാംഗത്തെ ദേശീയ സുരക്ഷാ നിയമപ്രകാരം ശിക്ഷിക്കുന്ന ഹോങ്കോങ്ങിലെ ആദ്യ സംഭവമാണിത്. അന്ന ക്വോക്കിന്റെ സാമ്പത്തിക ആസ്തികൾ കൈകാര്യം ചെയ്യാൻ ശ്രമിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കുറ്റം. അന്ന കുട്ടിയായിരുന്നപ്പോൾ പിതാവ് എടുത്ത ഒരു ഇൻഷുറൻസ് പോളിസിയിൽ നിന്ന് ഏകദേശം 11,000 ഡോളർ പിൻവലിക്കാൻ ശ്രമിച്ചതിനെയാണ് അധികൃതർ നിയമലംഘനമായി കണ്ടത്. എന്നാൽ ഈ പോളിസി തന്റെ സ്വന്തം പേരിലുള്ളതാണെന്ന് അദ്ദേഹം വാദിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല. 

അന്ന പ്രായപൂർത്തിയായതോടെ ആസ്തിയുടെ ഉടമസ്ഥാവകാശം അവളിലേക്ക് മാറിയെന്നും, പിടികിട്ടാപ്പുള്ളിയായ ഒരാളുടെ സാമ്പത്തിക കാര്യങ്ങളിൽ ഇടപെടുന്നത് കുറ്റകരമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്ന ക്വോക്കിനെതിരെ വിദേശ ശക്തികളുമായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് ഏകദേശം ഒരുകോടി രൂപയോളം പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. തന്റെ വിദേശത്തെ പ്രവർത്തനങ്ങളെ തടയാനും തന്നെ നിശബ്ദയാക്കാനും സർക്കാർ പിതാവിനെ വേട്ടയാടുകയാണെന്ന് അന്ന പ്രതികരിച്ചു. അതേസമയം, രാഷ്ട്രീയ നിലപാടുകൾ നോക്കിയല്ല നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

Exit mobile version