Site iconSite icon Janayugom Online

ബാബറി മസ്ജീദിന്റെ തറക്കല്ലിട്ട് തൃണമൂല്‍ നേതാവ്,രാമക്ഷേത്രത്തിന് ഭൂമി പൂജ നടത്തി ബിജെപി നേതാവ്

മുര്‍ഷിദാബാദില്‍ പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ ഹുമയൂണ്‍ കബീര്‍, ബാബറി മസ്ജീദ് മാതൃകയിലുള്ള മുസ്ലീം പള്ളിക്ക് കഴിഞ്ഞ ദിവസം തറക്കല്ലിട്ടതിന് പിന്നാലെ അയോധ്യയയിലെ രാമക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കുന്നതിനായി ഭൂമിപൂജയും,ശിലാപ്രതിഷ്ഠയുംനടത്തി ബിജെപി നേതാവ്.സഖറോവ് സര്‍ക്കാരും മറ്റ് ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് ഇന്നലെയാണ് ഭൂമിപൂജയും ശിലാപ്രതിഷ്ഠയുമായി രംഗത്തു വന്നത്.

ബഹ്‌രംപൂരിൽ, അയോധ്യയിലെ രാമ ലാല ക്ഷേത്രത്തിന്റെ മാതൃക സ്ഥാപിക്കാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്,രാമമന്ദിർ ചാരിറ്റബിൾ ട്രസ്റ്റ് രൂപവത്കരിക്കുന്നതിലൂടെ ഇന്ന് ശിലാപ്രതിഷ്ഠ നടത്തി.ബഹ്‌രംപൂരിലെ ഈ ക്ഷേത്രം വളരെ വലുതായിരിക്കും, കൂടാതെ ഒരു ആശുപത്രിയും ഒരു സ്കൂളും ഇതിൽ ഉൾപ്പെടും സഖറോവ് സർക്കാർ പറഞ്ഞു. ആരാധനാലയങ്ങൾ നിർമ്മിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിലേക്ക് അദ്ദേഹം ശ്രദ്ധ ക്ഷണിക്കുകയും ഭരണഘടനാ വിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്നും ആർക്കും ക്ഷേത്രമോ പള്ളിയോ നിർമ്മിക്കാൻ കഴിയുമെങ്കിൽ തനിക്കും കഴിയുമെന്നും സഖറോവ് സർക്കാർ കൂട്ടിച്ചേർത്തു. ഹുമയൂണ്‍ കബീര്‍ എംഎല്‍എ മുന്‍കയ്യെടുത്താണ് ബാബറി മസ്ജിദ് നിര്‍മിക്കുന്നത്.

മുര്‍ഷിദാബാദിലെ ബെല്‍തംഗയിലാണ് പള്ളി. ആളുകള്‍ കൂട്ടത്തോടെ ഇഷ്ടികയും സിമന്റുമായി മുദ്രാവാക്യം വിളികളോടെ വരുന്ന വീഡിയോ പുറത്തുവന്നിരുന്നു. 1992 ഡിസംബര്‍ 6‑ന് അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. മസ്ജിദ് നിർമാണവുമായി ബന്ധപ്പെട്ടാണ് ഹുമയൂണ്‍ കബീര്‍ സസ്‌പെന്‍ഷനിലായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കനത്ത സുരക്ഷാ സംവിധാനത്തിലാണ് പള്ളിക്ക് തറക്കല്ലിട്ടത്. ഉച്ചയോടെ ഖുര്‍ആന്‍ പാരായണം നടന്നു. തുടർന്നായിരുന്നു തറക്കല്ലിടല്‍. 

സൗദി അറേബ്യയില്‍ നിന്നുള്ള രണ്ട് മതപുരോഹിതര്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തതായി എംഎല്‍എ അവകാശപ്പെട്ടു. ഭക്ഷണത്തിനായി മാത്രം 30 ലക്ഷത്തോളം രൂപ ചെലവായതായി ഹുമയൂണ്‍ കബീറിനോട്‌ അടുപ്പമുള്ളവരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ചടങ്ങ് തടസ്സപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായും ഹുമയൂണ്‍ കബീര്‍ ആരോപിച്ചു. ടിഎംസി സസ്പെൻഡ് ചെയ്തതിനെ തുടർന്ന് ഡിസംബർ 22‑ന് സ്വന്തം പാർട്ടി പ്രഖ്യാപിച്ചേക്കുമെന്നും കബീർ പറഞ്ഞു. 67 ശതമാനം മുസ്ലിങ്ങള്‍ താമസിക്കുന്ന ജില്ലയാണ് മുര്‍ഷിദാബാദ്. അടുത്തിടെ വഖഫ് ബില്ലിനെതിരെ നടന്ന സമരം സംഘര്‍ഷത്തിലെത്തുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പള്ളി നിര്‍മാണം തടയണമെന്ന്‌ ആവശ്യപ്പെട്ട് കല്‍ക്കത്ത ഹൈക്കോടതിയില്‍ ചിലര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍, തങ്ങള്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു കോടതിയുടെ തീരുമാനം. അതേസമയം, ക്രമസമാധാനം ഉറപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കണമെന്ന്‌ ബംഗാള്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ബാബറി മസ്ജിദ് തകര്‍ത്ത ദിനം ഏകതാ ദിനമായി തൃണമൂല്‍ കോണ്‍ഗ്രസ് ആചരിച്ചു. 

Exit mobile version