Site iconSite icon Janayugom Online

ഗവര്‍ണറെ വെട്ടി തൃണമൂല്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

tmctmc

പശ്ചിമബംഗാളില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ സി വി ആനന്ദബോസുമായി നിലനിര്‍ന്ന പ്രശ്നങ്ങളെത്തുടര്‍ന്ന് ബരാനഗറില്‍ നിന്ന് വിജയിച്ച സായന്തിക ബാനര്‍ജി, റേയത് ഹോസൈൻ സര്‍ക്കാര്‍ എന്നിവരുടെ സത്യപ്രതിജ്ഞ വൈകുകയായിരുന്നു. ജൂണ്‍ അഞ്ചിന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ഇരുവരും വിജയിച്ചത്. 

സ്പീക്കര്‍ ബിമൻ ബാനര്‍ജി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്താണ് ഇരുവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. അതേസമയം ഭരണഘടന ലംഘിച്ചുകൊണ്ടാണ് സത്യപ്രതിജ്ഞാ നടപടിയെന്ന് ഗവര്‍ണറുടെ ഓഫിസ് പ്രതികരിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ആശിഷ് ബാനര്‍ജിയെയാണ് സത്യവാചകം ചൊല്ലികൊടുക്കാനായി ഗവര്‍ണര്‍ നിര്‍ദേശിച്ചിരുന്നത്. വിഷയത്തില്‍ അന്തിമ തീരുമാനം തന്റേതാണെന്ന് ബിമന്‍ ബാനര്‍ജി പറഞ്ഞു. 

രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണര്‍ സി വി ആനന്ദബോസ് ആവശ്യപ്പെട്ടെങ്കിലും എംഎല്‍എമാര്‍ അതിന് തയ്യാറായിരുന്നില്ല. സത്യവാചകം ചൊല്ലിക്കൊടുക്കാന്‍ സ്പീക്കറെയോ ഡെപ്യൂട്ടി സ്പീക്കറെയോ ചുമതലപ്പെടുത്തണമെന്നായിരുന്നു എംഎല്‍എമാരുടെ ആവശ്യം. ഗവര്‍ണര്‍ വിസമ്മതിച്ചതോടെ ഇവര്‍ നിയമസഭാ സമുച്ചയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു. പ്രശ്നം പരിഹരിക്കാന്‍ സ്പീക്കര്‍ ബിമൻ ബാനര്‍ജി രാഷ്ട്രപതി പ്രസിഡന്റ് ദ്രൗപദി മുര്‍മുവിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ നിയമസഭാ ഹാളില്‍ വച്ച് സത്യപ്രതിജ്ഞ നടത്താനും ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ചുമതല നല്‍കാനും ആനന്ദബോസ് തയ്യാറാവുകയായിരുന്നു. 

Eng­lish Sum­ma­ry: Tri­namool MLAs took oath after swear­ing in the Governor

You may also like this video

Exit mobile version